NEWS UPDATE

6/recent/ticker-posts

യുപിയില്‍ കോവിഡ് ബാധിതന്റെ മൃതദേഹം നദിയില്‍ തള്ളി; ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിതനായി മരിച്ചയാളുടെ മൃതദേഹം നദിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്ത്. പിപിഇ കിറ്റ് ധരിച്ച് ഒരാള്‍ക്കൊപ്പം മറ്റൊരാളും ചേര്‍ന്നാണ് പകല്‍സമയത്ത് മൃതദേഹം പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞത്.[www.malabarflash.com]

പാലത്തിലൂടെ കടന്നുപോകുന്നവര്‍ നോക്കിനില്‍ക്കവെയായിരുന്നു സംഭവം. ബല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്.

യുപിയിലെ ബല്‍റാംപൂര്‍ ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിദ്ധാര്‍ഥനഗര്‍ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയില്‍ ഉപേക്ഷിച്ചതെന്ന് കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ തന്നെയാണ് മൃതദേഹം നദിയില്‍ തള്ളിയതെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായും കര്‍ശന നടപടിയുണ്ടാകുമെന്നും ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ വി ബി സിങ് അറിയിച്ചു.

കോവിഡ് ബാധയെതുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 25 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രേംനാഥ് മൂന്ന് ദിവസത്തിന് ശേഷം മെയ് 28 ന് ആശുപത്രിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

മുന്‍പ് കോവിഡ് ബാധിതരുടേതെന്ന് സംശയിക്കപ്പെട്ട നൂറുകണക്കിന് മൃതദ്ദേഹങ്ങളാണ് യുപിയിലെ വിവിധയിടങ്ങളിലെ ഗംഗാതീരങ്ങളില്‍ നിന്ന് കണ്ടെത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ നദികളില്‍ മൃതദേഹങ്ങള്‍ തള്ളരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, യുപിയില്‍ അത്തരം സംഭവങ്ങള്‍ നടക്കുന്നില്ല എന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

Post a Comment

0 Comments