Top News

‘മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നത്; ലീഗിനല്ല മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം, അത് പേരില്‍ മാത്രം’; മുസ്ലീംവിഭാഗത്തിന് സര്‍ക്കാരില്‍ വിശ്വാസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീംലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് താന്‍ കണ്ടതെന്നും മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീംജനവിഭാഗത്തിന് ഇടതുമുന്നണി സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്: ”തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തതായാണ് ഞാന്‍ കണ്ടത്. എതിര്‍ത്തത് ഞാന്‍ കണ്ടിട്ടില്ല. വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നത്. 

മുസ്ലീംജനവിഭാഗത്തിന്റെ കാര്യം പറഞ്ഞാല്‍ അവര്‍ ന്യൂനപക്ഷ വിഭാഗമാണ്. അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്, ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. മുസ്ലീംലീഗിന് അല്ല മുസ്ലീം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരില്‍ മാത്രമേയുള്ളൂ. 

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് പൊതുവില്‍ തീരുമാനിച്ചതാണ്. നേരത്തെ കെടി ജലീല്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്ത വകുപ്പാണിത്. ഫലപ്രദമായി തന്നെ കാര്യങ്ങള്‍ നീക്കിയിരുന്നു. വകുപ്പിനെക്കുറിച്ച് പരാതികളെ ഉണ്ടായിട്ടില്ല.”

Post a Comment

Previous Post Next Post