പൊന്നാനി: റേസിങ് ബൈക്കിൽ അതിവേഗത്തിൽ വന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിക്കുന്ന ബേക്ക് റൈസറെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം ചിറപ്പുറത്ത് ഫയാസ് (22), കോഴിക്കോട് കല്ലായി ചെന്നാലി പറമ്പിൽ സലീം എന്നിവരെയാണ് പൊന്നാനി പോലീസ് പിടികൂടിയത്.[www.malabarflash.com]
നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇവരെ പൊന്നാനി പോലീസ് എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നുമാണ് പിടികൂടിയത്.
പൊന്നാനി മുല്ല റോഡിൽ വീട്ടമ്മയുടെ മൂന്നര പവനോളമുള്ള മാല കവർന്ന കേസിലാണ് ഇരുവരും പിടിയിലായത്. കെ.ടി.എം ആർ.സി 200 ബൈക്കിൽ വന്നാണ് ഇവർ ഇത്തരത്തിൽ മോഷണം നടത്തുന്നത്.
ബൈക്ക് റേസറായ ഫയാസ് അതിവേഗത്തിൽ എത്തിയാണ് മാല പിടിച്ചുപറിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഓടിക്കുന്നയാൾ ഹെൽമറ്റ് ധരിച്ചും പുറകിൽ മാല പൊട്ടിക്കുന്നയാൾ മുഖം മറച്ചുമാണ് മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. അതുകൊണ്ടുതന്നെ ഇവരെ കണ്ടെത്താൻ പോലീസ് ഏറെ പ്രയാസപ്പെട്ടു.
എഴുപതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചും സൈബർ സെൽ വഴി അമ്പതിനായിരത്തോളം ഫോൺകോളുകൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ബൈക്കിന്‍റെ കളർ വ്യത്യാസമാണ് ഇരുവരും വലയിലാവാനിടയായത്. ഇവർ നടത്തിയ മാലപൊട്ടിക്കൽ കേസുകളിലെ ഫോട്ടോകൾ ശേഖരിച്ചു പോലീസ് അന്വേഷണം നടത്തിയിരുന്നു. എല്ലാ ഫോട്ടോയിലും ഓടിക്കുന്നയാളുടെ ഹെൽമറ്റിലെ 'എച്ച്' അടയാളം പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബൈക്ക് സ്റ്റണ്ടർമാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവരിൽ നിന്ന് കിട്ടിയ വിവരങ്ങൾ ശേഖരിച്ചാണ് ഇരുവരെയും പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതിയായ ഫയാസ് ജയിലിൽ വച്ചാണ് സലീമിനെ പരിചയപ്പെടുന്നത്. സലിം പിടിച്ചുപറി, കഞ്ചാവ് വിൽപന കേസുകളിൽ പ്രതിയാണ്. മലപ്പുറം, കോഴിക്കോട് ഭാഗത്തുള്ള നിരവധി പിടിച്ചുപറി കേസുകളിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
പൊന്നാനി ഇൻസ്പെക്ടർ നാരായണൻ, എസ്.ഐ രതീഷ് ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിശ്വൻ, എ.എസ്.എ പ്രവീൺ ,സി.പി.ഒമാരായ ഷിജിൻ ,വിനീഷ്, രഘു, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment