NEWS UPDATE

6/recent/ticker-posts

കോവിഡ് കാലത്തും പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍

കരിപ്പൂര്‍: കോവിഡ് മഹാമാരിയില്‍ സര്‍വതും നഷ്ടപ്പെടുന്ന അവസ്ഥയില്‍ ദുരിതത്തിലായ പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ആഘോഷവേളകളിലും മറ്റു പ്രധാന സമയങ്ങളിലുമെല്ലാം പ്രവാസികളെ ചൂഷണം ചെയ്യുന്നതിനേക്കാള്‍ വലിയ തോതിലാണ് മഹാമാരിക്കാലത്തെ ഇടപെടലെന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.[www.malabarflash.com]


ജൂണ്‍, ജൂലൈ മാസങ്ങളിലെ പുതിയ ഷെഡ്യൂളിലാണ് വിമാനക്കമ്പനികള്‍ ഉയര്‍ന്ന നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് ബഹ്‌റയ്‌നിലേക്കുള്ള വിമാനടിക്കറ്റാണ് ഏറ്റവും കുതിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിന് കൊച്ചിയില്‍നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ടിക്കറ്റ് നിരക്ക് 83,000 രൂപയാണ്. കരിപ്പൂരില്‍നിന്ന് ജൂണ്‍ ഏഴിനുള്ള വിമാനത്തിനും സമാന തുകയാണ്. ആവശ്യക്കാര്‍ കൂടിയാല്‍ നിരക്ക് ഇനിയും ഉയരുമെന്നുറപ്പാണ്. 

എന്നാല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂരില്‍ നിന്നുള്ള ടിക്കറ്റിന് അര ലക്ഷത്തിനടുത്താണ് പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതു തന്നെ മുന്‍കാലത്ത് 30,000 രൂപയുടെ സ്ഥാനത്താണെന്നതും വിലയിലെ അന്തരം ബോധ്യപ്പെടും.

 ജൂണ്‍ 15ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 48,035 രൂപയാണ് ബഹ്‌റയ്‌നിലേക്കുള്ള ടിക്കറ്റ് നിരത്തായി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. കൊച്ചിയില്‍നിന്നും തുല്യമായ നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മെയ് മാസത്തിലും ടിക്കറ്റ് നിരക്ക് 70,000ന് മുകളിലാണുള്ളത്. 

റമദാനും പെരുന്നാളും കഴിഞ്ഞ് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നവരെയാണ് കമ്പനികള്‍ കൊള്ളയടിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ദുബയ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതോടെ കുറഞ്ഞ ചെലവില്‍ വരാനുള്ള സാധ്യത അടഞ്ഞത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. 

നിലവില്‍ ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ മാത്രമാണ് കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ക്ക് ആശ്രയം. കോവിഡ് കാരണം യാത്രാവിലക്ക് തുടരുന്ന സൗദി അറേബ്യയിലേക്ക് പൊവാനായി നിരവധി പേരാണ് ബഹ്‌റയ്ന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തുന്നത്. ഇക്കരക്കാര്‍ക്ക് ബഹ്‌റയ്ന്‍ വിസ, വിമാന ടിക്കറ്റ്, 14 ദിവസത്തെ ക്വാറന്റൈന്‍ എന്നിവയെല്ലാം ചേര്‍ത്ത് ഒന്നര ലക്ഷം രൂപയെങ്കിലും വേണ്ടിവരും. 

വിസ കാലാവധി തീരുന്നവരും ജോലി നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്കയുള്ളവരും എത്ര തുകയും നല്‍കാന്‍ തയ്യാറാവുമെന്ന കണക്കുകൂട്ടലിലാണ് വിമാന കമ്പനികള്‍ കൊള്ളയടിക്കുന്നത്. നിലവില്‍ ചില ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഇന്ത്യയില്‍നിന്ന് ബഹ്‌റയ്‌നിലേക്ക് നടത്തുന്നുണ്ടെങ്കിലും ഇതിനും 70,000 രൂപ വരെ നിരക്ക് ഈടാക്കുന്നുണ്ട്.

Post a Comment

0 Comments