NEWS UPDATE

6/recent/ticker-posts

അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ സ്ഫോടനം; വിദ്യാര്‍ഥികളുള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനം കാബൂളില്‍ ജനവാസ മേഖലയിലെ സ്‌കൂളില്‍ വന്‍ സ്‌ഫോടനം. വിവിധ സ്‌ഫോടനങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.11-15 വയസ്സ് പ്രായമുള്ള വിദ്യാര്‍ഥികളാണ് മരണപ്പെട്ടവരില്‍ ഏറെയും.[www.malabarflash.com
]

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാബൂള്‍ ദഷ്ട്-ഇ-ബര്‍ക്കിയിലെ സയ്യദ് ഷുഹാദ സ്‌കൂളിലാണ് ദുരന്തം നടന്നത്.

സ്‌കൂളില്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് ക്ലാസ്സുകള്‍ നടക്കാറുള്ളത്. പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സ് നടക്കുന്ന രണ്ടാമത്തെ ഷിഫ്റ്റില്‍ വൈകുന്നേരത്തോടെയാണ് സ്‌ഫോടനം നടന്നതെന്ന് അഫ്ഗാനിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രാലയം വക്താവ് നജീബ അരിയാന്‍ പറഞ്ഞു. അപകടത്തിനിരയായവരില്‍ ഏറെയും പെണ്‍കുട്ടികളാണ്.

ആക്രമണത്തിന്റെ ദാരുണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിന്നിച്ചിതറിയ മൃതദേഹങ്ങളും ചോരയില്‍ മുങ്ങിയ പുസ്തകങ്ങളും ശരീരങ്ങളും ദൃശ്യങ്ങളില്‍ കാണാം.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അതേസമയം താലിബാന്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ആരോപിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടതിലൂടെ അഫ്ഗാനിസ്ഥാന്റെ ഭാവിയെ ആണ് താലിബാന്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് സബിനുള്ള മുജാഹിദ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അക്രമണത്തെ അദ്ദേഹം അപലപിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് അടുത്തിടെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

Post a Comment

0 Comments