NEWS UPDATE

6/recent/ticker-posts

പോളിങിന് ശേഷം സംഘര്‍ഷം: കണ്ണൂരില്‍ രണ്ട് ലീഗുകാര്‍ക്ക് വെട്ടേറ്റു; ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കും പരിക്ക്, തൃക്കരിപ്പൂരിൽ സ്ഥാനാർഥിയുടെ കാര്‍ തകര്‍ത്തു, പെരിയയില്‍ ഡി സി സി ജനറല്‍ സെക്രട്ടറിക്ക് പരിക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പോളിങിന് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമ സംഭവങ്ങള്‍. കണ്ണൂര്‍ മുക്കില്‍ പീടികയില്‍ മുസ്ലിം ലീഗ് – സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിലെ സംഘര്‍ഷത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി വെട്ടേറ്റ മുഹ്‌സിന്‍, മന്‍സൂര്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.[www.malabarflash.com]

സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ സിപിഐഎമ്മുകാര്‍ക്കും നേരിയ പരുക്കുണ്ട്. കള്ളവോട്ട് ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍മുണ്ടായത്.

ചെറുവത്തൂർ കാരിയിൽ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി എം പി ജോസഫിന്റെ കാര്‍ അടിച്ചു തകര്‍ത്തു. സംഘടിതമായെത്തിയ സി പി എം പ്രവര്‍ത്തകര്‍ ബൂത്ത്‌ ഏജൻറുമാരെ അക്രമിക്കുകയും ചെയ്തതായും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

പെരിയയില്‍ ഡി സി സി ജനറൽ സെക്രടറി വിനോദ് കുമാർ പള്ളയിൽ വീടിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതിയുയര്‍ന്നു.

ആലപ്പുഴയില്‍ ഹരിപ്പാടും കായംകുളത്തും സിപിഐഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനും നൗഫലിനുമാണ് പരിക്കേറ്റത്. ഹരിപ്പാടും വ്യാപക ആക്രമ സംഭവങ്ങളാണുണ്ടായത്. കോണ്‍ഗ്രസ് ആറാട്ടുപുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

വീട്ടില്‍ കയറി ആക്രമിച്ച പ്രതിയെ വിട്ടയച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ സ്റ്റേഷനുമുന്നില്‍ കുത്തിയിരിക്കുകയാണ്. ആക്രമണങ്ങളില്‍ പ്രതികരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഐഎം പരാജയ ഭീതിയില്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ചു.

തിരുവനന്തപുരം കാട്ടായിക്കോണത്ത് രാവിലെ ആരംഭിച്ച സിപിഎം-ബിജെപി സംഘര്‍ഷം തുടരുകയാണ്. പകല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വൈകുന്നേരം കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു. ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. വാഹനം മാറ്റാനുളള പോലീസീന്റെ ശ്രമം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.

സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രിയും കഴക്കൂട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍ അക്രമികളെ പിടികൂടാതെ പ്രദേശവാസികളെയാണ് പോലീസ് കസ്റ്റഡിയെലെടുത്തതെന്ന് ആരോപിച്ചു. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് കാട്ടായിക്കോണത്ത് ക്യാമ്പ് ചെയ്യുന്നത്.

Post a Comment

0 Comments