NEWS UPDATE

6/recent/ticker-posts

റിട്ട. അധ്യാപകന്‍ വാഹനമിടിച്ച് മരിച്ച കേസ്സില്‍ കാസര്‍കോട് സ്വദേശി പിടിയില്‍; അസിസ്റ്റന്റ് കമ്മീഷണറും ഉദുമ സ്വദേശിയുമായ പി. ബാലകൃഷ്ണന്റെ അന്വേഷണ മികവിന് വീണ്ടും കൈയ്യടി

കാസറകോട്: പ്രഭാതസവാരിക്കിറങ്ങിയ വയോധികനെ വാഹനമിടിച്ചു കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റിലായതോടെ തെളിഞ്ഞത് രണ്ടുമാസമായി തുമ്പില്ലാതിരുന്ന കേസ്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവാണ് പോലിസ് അന്വേഷണത്തില്‍ പിടിയിലായത്.[www.malabarflash.com]

മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ട. അദ്ധ്യാപകന്‍ ചെക്യാട്ടുകാവിനു സമീപം യു.ബാലകൃഷ്ണന്‍ (72) മരിച്ച കേസിലെ പ്രതി കാസര്‍കോട് ഹിദായത്ത് നഗറിലെ മൊയ്തീന്‍ കുഞ്ഞി (35)യാണ് അറസ്റ്റിലായത്.

ഇയാളുടെ വീട്ടില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കാറും കണ്ടെത്തി. കണ്ണൂര്‍ എ സി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഫെബ്രുവരി 23നു പുലര്‍ച്ചെയാണ് സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു കേസന്വേഷണത്തിന് തുമ്പില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

അപകടം വരുത്തിയ കെ.എല്‍, 13. എസ്. 7764 നമ്പര്‍ സാന്‍ട്രോ കാര്‍ കാസര്‍കോട് ആദൂര്‍ കിന്നിഗാറിലെ പ്രതിയുടെ ബന്ധുവീട്ടില്‍ നിന്നാണ് അന്വേഷണ സംഘം ഒളിപ്പിച്ചു വെച്ച നിലയില്‍ കണ്ടെത്തിയത്. 

ഫെബ്രുവരി 23 ന് പുലര്‍ച്ചെയാണ് മയ്യില്‍ ടൗണില്‍ വെച്ച് പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ട.അധ്യാപകനും കേരള പെന്‍ഷന്‍ സംഘടന ഭാരവാഹിയുമായ യു.ബാലകൃഷ്ണന്‍ മരിച്ചത്. ഈ കേസില്‍ പ്രതിയുടെ രേഖചിത്രം ഉള്‍പ്പെടെ തയ്യാറാക്കി അന്വേഷണം നടത്തിയെങ്കിലും മയ്യില്‍ പോലീസിന് ഇടിച്ച വാഹനമോ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

എ സി പിയെ കൂടാതെ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ബഷീര്‍, എസ് ഐ സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

ഇടിച്ച കാര്‍ സാന്‍ട്രോ എന്ന് മാത്രമേ പോലീസിനും നാട്ടുകാര്‍ക്കും അറിയുമായിരുന്നുള്ളു. പുലര്‍ച്ചെ അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഭയന്ന് നിര്‍ത്താതെ പോയത് സാധാരണക്കാരന്‍ ആണെങ്കില്‍ രണ്ടുമാസം ഇത് പൊതുസമൂഹത്തിന്റെ മുന്നില്‍ ഒളിപ്പിച്ചു നിര്‍ത്താന്‍ സാധിക്കില്ല. കുഴല്‍പ്പണം, കഞ്ചാവ്, ചന്ദനം പോലുള്ള വസ്തുക്കള്‍ അനധികൃതമായി കടത്തുമ്പോഴോ അതല്ലെങ്കില്‍ കുറ്റവാളികളോ ആയിരിക്കാം വാഹനം ഓടിച്ചിരുന്നതെന്ന നിഗമനത്തിലാണ് ഏ സി പി ബാലകൃഷ്ണന്‍ നായര്‍ ആദ്യമെത്തിയത്.

തുടര്‍ന്ന് കണ്ണൂര്‍ കാസര്‍കോടുള്ള ഇത്തരം ആളുകളെ കേന്ദ്രീകരിച്ചു രഹസ്യ അന്വേഷണം നടത്തുന്നതിനിടയില്‍ കാസര്‍കോട് ഒരു ചന്ദന കടത്തുകാരന്റെ കൈവശം ഒരു സാന്‍ട്രോ കാര്‍ ഉണ്ടായിരുന്നതായും അത് ഇപ്പോള്‍ ഉപയോഗിക്കാറില്ലന്നും വിവരം എ സി പിക്ക് ലഭിച്ചു. കാസര്‍കോട്ടെത്തിയ എസിപി പി വണ്ടിയോടിച്ച വ്യക്തിയെ കണ്ടെത്തി ചോദ്യംചെയ്തപ്പോള്‍ തീര്‍ത്തും വിപരീതമായ ഉത്തരങ്ങളാണ് ലഭിച്ചത്.

താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വയനാട് പോയതല്ലാതെ കാസര്‍കോട് ജില്ല വിട്ട് മറ്റെവിടെയും പോയിട്ടില്ലെന്നും ഓട്ടോ ഓടിച്ചാണ് വരുമാനം കണ്ടെത്തുന്നതെന്നും എസിപിയോട് പറഞ്ഞു. സാന്‍ട്രോ കാറുകള്‍ കണ്ടിട്ടുണ്ടെന്നും അതും ഇതുവരെ ഓടിച്ചിട്ടില്ലെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് എ സി പി പ്രതിയെ കണ്ണൂരില്‍ എത്തിച്ചു. ഇവിടെയും പ്രതി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. എന്നാല്‍ ഒരു നിമിഷത്തേക്ക് വിരട്ടിയതോടെ എല്ലാം കഥകളും പ്രതി തത്ത പോലെ പറഞ്ഞു.

ശിവപുരത്ത് നിന്നും ചന്ദന മുട്ടികളുമായി പുലര്‍ച്ചെ പോകുമ്പോഴാണ് അപകടം നടന്നത്. കാറില്‍ ചന്ദനം മുട്ടികള്‍ ഉണ്ടായതുകൊണ്ടാണ് നിര്‍ത്താതിരുന്നത്. നായന്മാര്‍മൂലയിലെ ആമു എന്ന യുവാവിനാണ് ചന്ദനം മുട്ടികള്‍ കൈമാറിയതെന്നും നേരത്തെ കാസര്‍കോട് ജില്ലാ ഭരണാധികാരി ഡോ. ഡി സജിത് ബാബു ഐ എ എസ് പിടിച്ച ചന്ദനമാഫിയയില്‍പെട്ട ആളാണെന്ന് വ്യക്തമായി. ഇതോടെ ഉടന്‍ തന്നെ ബന്ധുവീട്ടില്‍ ഒളിപ്പിച്ചുവെച്ച വാഹനം കണ്ടെത്തുകയും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

കാസര്‍കോട് വിജിലന്‍സ് സിഐയും സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഡി വൈ എസ് പിയായും സേവനമനുഷ്ഠിച്ചിരുന്ന ഉദുമ സ്വദേശിയായ ബാലകൃഷ്ണന്‍ നായര്‍ക്ക് പ്രതികളിലേക്ക് എത്താന്‍ വേണ്ടി വന്നത് വെറും 28 മണിക്കൂര്‍ മാത്രമാണ്.

കാസര്‍കോട് ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിയായി തുടരുമ്പോഴാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂരിലേക്ക് സ്ഥലംമാറിപോകുന്നത്. 

കാസര്‍കോട് സബ് ഡിവിഷനിലെ ലഹരി മാഫിയയെ അടിച്ചമര്‍ത്തുന്ന കാര്യത്തിലും ഇദ്ദേഹം വിജയം കണ്ടിരുന്നു. രണ്ടു വിശിഷ്ടസേവ മെഡലുകളും നിരവധി പുരസ്‌കാരങ്ങള്‍ ഈ കാലയളവില്‍ ഈ ഉദ്യോഗസ്ഥനെ തേടിയെത്തി . 

കേരള പോലീസില്‍ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ വിദഗ്ധനയായ ബാലകൃഷ്ണന്‍ നായര്‍ കുറ്റവാളികളെ കണ്ടെത്തുന്ന വേഗതയിലും നിരവധി തവണ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്‌

Post a Comment

0 Comments