Top News

ചോരയില്‍ മുങ്ങിയ വസ്ത്രവുമായി ലീഗ് പ്രവര്‍ത്തകന്‍ കോടതിയില്‍; കസ്റ്റഡിയില്‍ പോലീസ് തല്ലിച്ചതച്ചെന്ന് സഹോദരന്‍

കണ്ണൂർ: പാനൂരില്‍ കസ്റ്റഡിയിലെടുത്ത ലീഗ് പ്രവര്‍ത്തകരെ പോലീസ് അതിക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫൈസല്‍ കല്ലികണ്ടിയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തെത്തിയത്.[www.malabarflash.com]


ഫൈസലിനെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് സഹോദരന്റെ ആരോപണം.
രക്തം പുരണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഫൈസലിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

കൊല്ലപ്പെട്ട് മന്‍സൂറിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങവെയാണ് ഫൈസലിനെ അറസ്റ്റ് ചെയ്ത് വണ്ടിയില്‍ വെച്ച് അകാരണമായി മര്‍ദിച്ചതെന്ന് സഹോദരന്‍ വെളിപ്പെടുത്തി.

വോട്ട് ചെയ്യുന്നതിനായി രണ്ട് ദിവസത്തെ ലീവിനാണ് ഫൈസല്‍ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് കസ്റ്റഡിയില്‍ എടുക്കുന്നത്.

മന്‍സൂര്‍ വധത്തിന് പിന്നാലെ സിപിഐഎം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ 21 മുസ്ലീംലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് സിപിഐഎം ഓഫീസുകള്‍ക്ക് നേരെ അക്രമങ്ങളുണ്ടായത്. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനും കീഴ്മാടം, കൊച്ചിയങ്ങാടി, പാനൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കും ലീഗുകാര്‍ തീവച്ചു. പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും അക്രമമുണ്ടായി. പാനൂരില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു.


പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കണ്ണൂരില്‍നിന്ന് കൂടുതല്‍ പോലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post