NEWS UPDATE

6/recent/ticker-posts

ടീ ഷര്‍ട്ട് ധരിച്ച് കോണ്‍ഗ്രസ് എംഎല്‍എയെ നിയമസഭയില്‍; ഗെറ്റൗട്ടടിച്ച് സ്പീക്കര്‍

അഹമ്മദാബാദ്: ടീ ഷര്‍ട്ട് ധരിച്ച് എത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എയെ ഗുജറാത്ത് നിയമസഭയില്‍ നിന്ന് പുറത്താക്കി. എംഎല്‍എ വിമല്‍ ചുഡാസമയെയാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പുറത്താക്കിയത്.[www.malabarflash.com]

സമാജികര്‍ സഭയുടെ അന്തസ്സ് കാക്കണമെന്നും ടീ ഷര്‍ട്ട് ധരിച്ച് സഭയില്‍ എത്തരുതെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കറുടെ നിര്‍ദേശത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. ടീഷര്‍ട്ടിന് സഭയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് വാദിച്ചു.



കഴിഞ്ഞയാഴ്ചയും ചുഡാസമ ടീ ഷര്‍ട്ട് ധരിച്ച് എത്തിയപ്പോള്‍ സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് എത്തുന്നതായിരിക്കും നല്ലതെന്നും സ്പീക്കര്‍ അറിയിച്ചു. സോംനാഥ് അസംബ്ലി മണ്ഡലത്തിലെ പ്രതിനിധിയാണ് ചുഡാസമ. ടീ ഷര്‍ട്ട് ധരിക്കുന്നതില്‍ അപാകതയും താന്‍ കാണുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ടീ ഷര്‍ട്ട് ധരിച്ചാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ട് തന്നോട് ഷര്‍ട്ട് ധരിച്ചെത്താന്‍ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം സ്പീക്കറോട് പറഞ്ഞു.

സ്പീക്കറും തിരിച്ചടിച്ചു. 'നിങ്ങള്‍ എന്ത് ധരിച്ചാണ് വോട്ട് തേടിയതെന്ന് എനിക്കറിയേണ്ട. നിങ്ങള്‍ സ്പീക്കറുടെ ഉത്തരവിനെ ബഹുമാനിക്കുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിച്ച് സഭയില്‍ വരാനാകില്ല. കാരണം നിങ്ങള്‍ എംഎല്‍എയാണ്. ഇത് കളിസ്ഥലമല്ല. ഇവിടെ പ്രോട്ടോക്കോള്‍ പാലിക്കണം'- സ്പീക്കര്‍ വ്യക്തമാക്കി.

Post a Comment

0 Comments