NEWS UPDATE

6/recent/ticker-posts

ഉദുമ പിടിക്കാന്‍ ലോക മലയാളികളുടെ “ബാലേട്ടന്‍"

ഉദുമ: ഉദുമ: കെ. സുധാകരന് പോലും പരാജയം സമ്മാനിച്ച ഇടതു കോട്ടയായ ഉദുമയുടെ മണ്ണില്‍ വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ്സ് കളത്തിലിറക്കിയിരിക്കുന്നത് ലോക മലയാളികളുടെ “ബാലേട്ടനെ.[www.malabarflash.com]


എതിരാളിയാണെങ്കില്‍ മഞ്ചേശ്വരത്തെ പച്ചക്കോട്ടയില്‍ ചെര്‍ക്കളത്തെ മലര്‍ത്തിയടിച്ച വിപ്‌ളവ പോരാളി സിഎച്ച് കുഞ്ഞമ്പു.

എല്‍ഡിഎഫ് -യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കളത്തിലിറങ്ങിയതോടെ ഉദുമയിലെ പോരാട്ടം തീപാറുമെന്നുറപ്പായി.കാസര്‍കോട് ജില്ലയിലെ ഉദുമ നിയമസഭാമണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലെത്തിയ ജനകീയനേതാവ്. ഇപ്പോള്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി.

യുഡിഎഫ് വേദികളിലെ അറിയപ്പെടുന്ന പ്രസംഗകനായ ബാലകൃഷ്ണന്‍ പെരിയ, ലോക മലയാളികളുടെ ഇടയില്‍ 'ബാലേട്ടന്‍' എന്ന വിളിപ്പേരില്‍ റേഡിയോ അവതാരകനായും പ്രശസ്തനാണ്.

പെരിയയിലെ ചാണവളപ്പില്‍ തറവാട്ടില്‍ ക്ഷേത്രസ്ഥാനികനായിരുന്ന കുട്ടിവെളിച്ചപ്പാടന്റെയും കുഞ്ഞമ്മയുടെയും അഞ്ചാമത്തെ മകനായി 1972ല്‍ ജനനം.

സ്‌കൂള്‍ പഠന കാലത്ത് കെഎസ്‌യു പ്രവര്‍ത്തകനായി തുടങ്ങി, കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നിന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കൗണ്‍സിലറായി. കെഎസ്‌യു ജില്ലാ സെക്രട്ടറിയായും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് കാസര്‍കോട്് ഡിസിസി സെക്രട്ടറിയായി.

ഗള്‍ഫിലെ ഉംഅല്‍ ഖൈന്‍ റേഡിയോയില്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആകാശവാണിയിലെ പ്രോഗ്രാമിലൂടെ തുടര്‍ന്നു. നിസ്വാര്‍ത്ഥ സേവനത്തിലൂടെ നിരാലംബര്‍ക്ക് സാന്ത്വനമേകി കേരളത്തിലെ ഏറ്റവും ജനകീയ റേഡിയോ പ്രോഗ്രാം ആയി അതിനെ ഉയര്‍ത്തി. രണ്ടുപതിറ്റാണ്ട് കാലം ലക്ഷക്കണക്കിന് ശ്രോതാക്കളുടെ പ്രിയപ്പെട്ട ബാലേട്ടന്‍ ആയി ജീവിച്ചു.

24 മണിക്കൂര്‍ തുടര്‍ച്ചയായി റേഡിയോയിലൂടെ അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവുകൂടിയാണ് ബാലകൃഷ്ണന്‍ പെരിയ.

ക്രിയേറ്റീവ് മാര്‍ക്കറ്റിങ് മേഖലയില്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍ പെരിയ, കേരള അഡ്വര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ്.

പൗരത്വബില്ലിനെതിരെയുളള സമരത്തില്‍ കേരളമാകെ ആവേശം വിതറിയ ബാലകൃഷ്ണന്‍ പെരിയയുടെ പ്രസിദ്ധമായ 100 പ്രസംഗങ്ങള്‍ ശ്രദ്ധേയമാണ്.

നിരവധി ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനായും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. പാരലല്‍ കോളേജ് അധ്യാപകനായും പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ സ്വന്തം നിലയില്‍ പരിശീലിപ്പിച്ചും വലിയൊരു ശിഷ്യസമ്പത്തിനുടമയായ പ്രിയപ്പെട്ട ഗുരുനാഥന്‍ കൂടിയാണ് ഇദ്ദേഹം.

സമാനമനസ്‌കരായ ചെറുപ്പക്കാരെ സംഘടിപ്പിച്ച് സ്വന്തം നാടായ പെരിയയില്‍ 'അക്കാദമി 'ആരംഭിച്ച് വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ഇപ്പോള്‍ കാസറകോട് പെരിയയിലെ ശ്രീ നാരായണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ സിഇഒ ആണ്.

ഉത്തര കേരളത്തിന്റെ ഫോക്‌ലോര്‍ കലാരൂപമായ പൂരക്കളിയിലും ഇദ്ദേഹത്തിന് പ്രാവീണ്യം ഉണ്ട്. കേരള പ്രസ്സ് അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ബാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗള്‍ഫിലും കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

'മീഡിയ ഗ്രാമം' എന്ന യൂട്യൂബ് ചാനലിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയെന്നവണ്ണം സമൂഹത്തിനുവേണ്ടി ശബ്ദിച്ചു. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകര്‍ പിന്തുടരുന്ന അവര്‍ക്കൊപ്പം ചര്‍ച്ചകളും ആശയ സംവാദങ്ങളും നടത്തുന്ന പുതിയ കാലത്തിന്റെ പ്രതിനിധി കൂടിയാണ് ബാലകൃഷ്ണന്‍ പെരിയ.

കേന്ദ്ര സംസ്ഥാന വിദ്യാഭ്യാസ പദ്ധതി കാസര്‍കോട് പെരിയ എസ് എന്‍ ട്രസ്റ്റിനു കീഴില്‍ കൊണ്ടുവന്ന പ്രൊജക്ട് ഡയറക്ടറായ ബാലകൃഷ്ണന്‍ 2 വര്‍ഷത്തിനകം ജില്ലയിലെ ഗ്രാമീണ മേഖലയിലെ അഞ്ഞൂറോളം യുവതി യുവാക്കളെ തൊഴില്‍ പരിശീലനം നല്‍കുകയും ഇതിന്‍ 278 വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തിനകത്തും വിദേശത്തും ജോലി നല്‍കാന്‍ കഴിഞ്ഞ വിദ്യാഭ്യാസ പ്രവര്‍ത്തകനാണ് .

140 സ്ഥാപനങ്ങളെ പിന്നിലാക്കി എസ്.എന്‍ ട്രസ്റ്റ് ഇന്ന് സര്‍ക്കാറിന്റെ റാങ്കിങ്ങിംല്‍ ഒന്നാമതെത്തി നില്‍ക്കുന്നത് കാസര്‍കോട് ജില്ലക്ക് തന്നെ അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്.

Post a Comment

0 Comments