നാദാപുരം: തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടു പോയിട്ട് രണ്ടു ദിവസം പിന്നിട്ടിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണത്തിന് ജില്ല പോലീസ് മേധാവി ഡോ.എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.[www.malabarflash.com]
മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദിനെയാണ്(53) ശനിയാഴ്ച പുലർച്ച കാറിൽ തട്ടിക്കൊണ്ടു പോയത്. ജില്ല പോലീസ് സൂപ്രണ്ട് മുടവന്തേരിയിലെ അഹമ്മദിന്റെ വീട്ടിലെത്തി ഭാര്യയിൽനിന്നും മക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
കണ്ണൂർ, കാസർകോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിക്കൊണ്ടു പോയവർ പ്രഫഷനൽ സംഘമാണെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
അഹമ്മദിന്റെ ഖത്തറിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിച്ച് വരുകയാണ്. പണം തന്നാൽ അഹമ്മദിനെ വിട്ടയക്കാമെന്ന് ഖത്തറിലുള്ള സഹോദരന് കഴിഞ്ഞ ദിവസം ചിലർ വാട്സ്ആപ് സന്ദേശം അയച്ചിട്ടുണ്ട്. വീട്ടുകാരോട് ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടും സന്ദേശം ലഭിച്ചു.
തട്ടിക്കൊണ്ട് പോകലിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ ഈ വഴിക്കും പോലീസ് അന്വേഷണം നടക്കുകയാണ്. കോവിഡ് ആയതിനാൽ പള്ളിയിൽ പുലർച്ച നമസ്കാരത്തിന് അഹമ്മദ് രണ്ടു ദിവസമേ ആയിട്ടുള്ളൂ പോകാൻ തുടങ്ങിയിട്ട്. ഇതുകൊണ്ടുതന്നെ അഹമ്മദിന്റെ യാത്രാ വിവരങ്ങൾ കൃത്യമായി അറിയാവുന്നവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
അന്വേഷണത്തിന്റെ ഭാഗമായി ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
Post a Comment