NEWS UPDATE

6/recent/ticker-posts

പി.പി.ഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാവ് സ്വർണക്കടയിൽനിന്ന് 25 കിലോയോളം സ്വർണം കവർന്നു

ന്യൂഡൽഹി: പി.പി.ഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാവ് സ്വർണക്കടയിൽനിന്ന് 25 കിലോയോളം സ്വർണം കവർന്നു. ഡൽഹിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തിൽ കർണാടകയിലെ ഹൂബ്ലി സ്വദേശിയായ മുഹമ്മദ് ഷെയ്ക്ക് നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. 13കോടിയോളം വിലവരുന്ന സ്വർണമാണ് ഇയാൾ മോഷ്ടിച്ചതെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]


മുഹമ്മദ് പി.പി.ഇ കിറ്റ് ധരിച്ച് സ്വർണക്കടയ്ക്കുള്ളിൽ കടക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിന്റെ ടെറസിൽനിന്ന് ചാടിയാണ് ഇയാൾ സ്വർണക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷണം നടന്ന സമയത്ത് ആയുധധാരികളായ അഞ്ച് സുരക്ഷാജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാൽ മുഹമ്മദ് സ്വർണക്കടയിലേക്ക് കടന്നത് ഇവർ അറിഞ്ഞിരുന്നില്ല.

കടയ്ക്കുള്ളിൽ മുഹമ്മദ് സ്വർണാഭരണങ്ങൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതും സി.സി.ടിവി ദൃശ്യങ്ങളിൽ കാണാം. മോഷ്ടിച്ച സ്വർണം മുഹമ്മദ് ഓട്ടോയിലാണ് കൊണ്ടുപോയത്. ഡൽഹി കൽക്കാജിയിലെ ഒരു ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഇയാൾ ജോലി ചെയ്യുന്ന കടയും മോഷണം നടത്തിയ സ്വർണക്കടയും തമ്മിൽ അധികദൂരമില്ല. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കടയ്ക്കുള്ളിൽ കടന്ന മുഹമ്മദ് ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് മോഷണം അവസാനിപ്പിച്ച് പുറത്തുകടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

0 Comments