NEWS UPDATE

6/recent/ticker-posts

വീണ്ടും ഞെട്ടിച്ച് സിപിഎം; രേഷ്മ മറിയം റോയ് ഇനി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട: ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മിൽനിന്ന്. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് 21-കാരിയായ രേഷ്മ മറിയം റോയ് പ്രസിഡന്റ് പദം അലങ്കരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു രേഷ്മ മറിയം റോയ്.[www.malabarflash.com]


വളർന്നുവരുന്ന നേതാവെന്ന നിലയിലും, നേതൃപാടവം കണക്കിലെടുത്തുമാണ് രേഷ്മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചതെന്ന് സി.പി.എം. കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ പറഞ്ഞു. തീരുമാനം പാർട്ടി യോഗത്തിൽ രേഷ്മയെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാർഡിൽനിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാർഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുകയായിരുന്നു. 

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബർ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമർപ്പിച്ചത്.

കോന്നി വി.എൻ.എസ്. കോളേജിൽനിന്ന് ബി.ബി.എ. പൂർത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. 

തടികച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫൻസ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരൻ റോബിൻ മാത്യു റോയ്.

Post a Comment

0 Comments