NEWS UPDATE

6/recent/ticker-posts

ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം; ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്ന് കര്‍ഷകര്‍

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ സ്തംഭിപ്പിച്ച് ഒരാഴ്ചയിലേറെയായി തുടരുന്ന കാർഷികപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച (ഡിസംബർ 8) ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർ ഭീഷണി മുഴക്കി.[www.malabarflash.com]


പ്രതിഷേധക സൂചകമായി ശനിയാഴ്ച  രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. രാജ്യത്തെ എല്ലാ ടോൾ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോൾ പിരിവ് അനുവദിക്കില്ലെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ഡൽഹിയിൽ ആയിരക്കണക്കിന് കർഷകർ പ്രക്ഷോഭം തുടരുകയാണ്. സമരം കൂടുതൽ ശക്തമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തി.

കേന്ദ്രസർക്കാരും കർഷകനേതാക്കളും വ്യാഴാഴ്ച നടത്തിയ ചർച്ചയും പരിഹാരമാവാതെ പിരിഞ്ഞിരുന്നു. മൂന്ന്‌ കാർഷികനിയമങ്ങളിൽ കർഷകർ ഉന്നയിച്ച ഗുരുതരമായ ചില ആശങ്കകൾ പരിഹരിച്ച്‌ ഭേദഗതിയാവാമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ഉറപ്പുനൽകി. കേന്ദ്രത്തിന് ‘ഈഗോ’യില്ലെന്നും സമരക്കാർ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി അഭ്യർഥിച്ചു. അതേസമയം, നിലവിലെ പ്രക്ഷോഭം തുടരുമെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചർച്ചനടത്താൻ ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്.

മിനിമം താങ്ങുവില ഉറപ്പുനൽകുന്നതിനൊപ്പം ചന്തകളിലെ നികുതി അന്തരം, തർക്കപരിഹാരത്തിന്‌ കോടതികളെ സമീപിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഭേദഗതിവരുത്താമെന്നാണ് ചർച്ചയിൽ കേന്ദ്രം സമ്മതിച്ചത്. നിയമങ്ങളിലെ ഓരോ വ്യവസ്ഥയിലും കർഷകനേതാക്കൾ പ്രത്യേകമായ എതിർപ്പുകൾ ചർച്ചയിൽ ഉന്നയിച്ചു. ഓരോന്നും വിശദമായി കേട്ട കേന്ദ്രമന്ത്രി ചിലതിൽ ഭേദഗതിക്ക് ഒരുക്കമാണെന്നും വ്യക്തമാക്കി. ആവശ്യങ്ങൾ പരിഗണിക്കാൻ ശനിയാഴ്ച ഉച്ചയ്ക്ക്‌ രണ്ടുവരെ സമയംനൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് വിജ്ഞാൻഭവനിൽ തുടങ്ങിയ ചർച്ച ഏഴുമണിക്കൂർ നീണ്ടു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ് എന്നിവരും സംയുക്ത കിസാൻമോർച്ചയിലെ 40 കർഷകനേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments