Top News

കാഞ്ഞങ്ങാട് കൊലപാതകം; യൂത്ത്‌ലീഗ്‌ നേതാവടക്കം മൂന്ന്‌ പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഔഫ്‌ അബ്ദുള്‍റഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. യൂത്ത്‌ ലീഗ്‌ കാഞ്ഞങ്ങാട്‌ മുൻസിപ്പൽ സെക്രട്ടറി ഇര്‍ഷാദ്, ഹസന്‍, ഇസ്ഹാക്ക് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.[www.malabarflash.com]

സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എല്‍.ഡി.എഫ്. നഗരസഭാ പരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

ഇര്‍ഷാദ് മംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടു പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവരെ കുറിച്ചുളള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാസര്‍കോട് ജില്ലാ പോലീസ് മേധാവി അവധിയിലാണ്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കാണ് ജില്ലയുടെ ചുമതല. അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിച്ചു.

വോട്ടെണ്ണല്‍ ദിവസം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന്‌ സി.പി.എം. ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് വാര്‍ഡ് നഷ്ടപ്പെട്ടതോടെയാണ് പ്രകോപനം തുടങ്ങിയത്.

ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവര്‍ രണ്ടു പേരും ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ ഒരു സംഘം അക്രമികള്‍ തടഞ്ഞു നിര്‍ത്തി കുത്തുകയായിരുന്നു.

ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടന്‍ അക്രമികള്‍ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Post a Comment

Previous Post Next Post