Top News

ബന്ധു വീട്ടില്‍ വിരുന്നു വന്ന പെണ്‍കുട്ടി പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ പെണ്‍കുട്ടി പുഴയില്‍ മുങ്ങി മരിച്ചു. മടവൂര്‍ അടുക്കത്ത്പറമ്പത്ത് ഹാരിസ്-ഫസ്‌ന ദമ്പതിമാരുടെ മകള്‍ ഹന ഫാത്തിമ (7)യാണ് മരിച്ചത്.[www.malabarflash.com] 


പി.സി.പാലം എ.യു.പി സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹന. ഹന ഫാത്തിമയ്‌ക്കൊപ്പം ഒഴുക്കില്‍പെട്ട വട്ടത്ത് മണ്ണില്‍ ഷമീറിന്റെ മകള്‍ ഫാത്തിമ സഹമത്ത് (8) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

ചാലക്കര അവേലം കടവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. മാതൃസഹോദരനായ ഷമീറിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഹന ഫാത്തിമ. വല്ല്യുമ്മയ്‌ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഹനയും സഹമത്തും ഒഴുക്കില്‍പെടുകയായിരുന്നു.

നിലവിളി കേട്ട് പരിസരത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പുഴയിലേക്ക് എടുത്തുചാടി ഇരുവരെയും പുറത്തെടുത്തു. കുട്ടികളെ ആദ്യം പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ പ്രവേശിപ്പിച്ചു. അവശനിലയില്‍ വെന്റിലേറ്ററിലായിരുന്ന ഹന ഫാത്തിമ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഫാത്തിമ സഹോദരിയാണ്.

Post a Comment

Previous Post Next Post