Top News

ന്യൂ ഇയര്‍ പാര്‍ട്ടിക്കു പണം നല്‍കിയില്ല; 19കാരന്‍ മുത്തശ്ശിയെ തലയ്ക്കടിച്ചു കൊന്നു

ന്യൂഡല്‍ഹി: ന്യൂ ഇയര്‍ പാര്‍ട്ടിക്കു പണം നല്‍കാത്തതിന്റെ പേരില്‍ മുത്തശ്ശിയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന് പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയില്‍ ശനിയാഴ്ചയാണു സംഭവം. സതീഷ് ജോളി എന്ന എഴുപത്തിമൂന്നുകാരിയാണു കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകന്‍ കരണിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 


റോത്താഷ് നഗറിലെ വീടിന്റെ താഴത്തെ നിലയിലാണു ജോളി കഴിഞ്ഞിരുന്നത്. മൂത്തമകന്‍ സഞ്ജയും ഭാര്യയും മക്കളുമാണ് മുകള്‍ നിലയില്‍ താമസിക്കുന്നത്. ഇളയ മകന്‍ മനോജ് തൊട്ടടുത്ത വീട്ടിലും. ശനിയാഴ്ച രാത്രി എട്ടു മണിക്ക് കരണ്‍ മുത്തശ്ശിയുടെ അടുത്തെത്തി പണം ആവശ്യപ്പെട്ടു. അവര്‍ പണം നല്‍കാതിരുന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം 18,000 രൂപയുമായി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ അമ്മയെ പുറത്തു കാണാതിരുന്നതോടെ മുകള്‍നിലയില്‍ താമസിക്കുന്ന മകന്‍ അടുത്തു താമസിക്കുന്ന സഹോദരനെ വിളിച്ചു വിവരം തിരക്കി. അമ്മ അവിടെയും ഇല്ലെന്നു മനസിലായതോടെ വീടിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നു. മുറിയില്‍ ചോരയില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന നിലയിലാണു ജോളിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരം അറിയിക്കുകയാണ്.

പിന്നീട് നടന്ന അന്വേഷണത്തില്‍ കരണ്‍, ചുവരില്‍ ആണി തറയ്ക്കാനെന്ന പേരില്‍ അയല്‍വാസിയില്‍നിന്ന് ചുറ്റിക വാങ്ങിയിരുന്നതായി കണ്ടെത്തി. പിതാവ് ഫോണില്‍ വിളിച്ച് കരണിനെ വീട്ടില്‍ എത്തിച്ച ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ മീററ്റില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയായ കരണ്‍ മിക്കവാറും മുത്തശ്ശിയില്‍നിന്നു പണം കടം വാങ്ങിയിരുന്നു. സംഭവദിവസം അവര്‍ പണം നല്‍കാതിരുന്നതോടെ ദേഷ്യപ്പെട്ട് ചുറ്റിക കൊണ്ടു തലയ്ക്കടിക്കുകയായിരുന്നുവെന്നു കരണ്‍ പോലീസിനോടു സമ്മതിച്ചു.

Post a Comment

Previous Post Next Post