NEWS UPDATE

6/recent/ticker-posts

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: ടി.കെ. പൂക്കോയ തങ്ങൾ ഒളിവിൽ: തിരച്ചിൽ ഊർജ്ജിതം

കാസർകോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിൽ പോയ മുസ്‍ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തകസമിതി അംഗവും ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയുമായ ടി.കെ. പൂക്കോയ തങ്ങൾക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്.[www.malabarflash.com]

ജ്വല്ലറിയിൽ നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ തിരിച്ചുനൽകാതെ വിശ്വാസവ‍ഞ്ചന കാട്ടിയെന്ന കേസിൽ, മഞ്ചേശ്വരം എംഎൽഎ എം.സി. ഖമറുദ്ദീനു പിന്നാലെയാണ് .ടി.കെ പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. എസ്പി ഓഫിസില്‍ ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എം.സി. ഖമറുദ്ദീൻ പിടിയിലായതോടെ അപകടം മണത്ത തങ്ങൾ ഒളിവിൽ പോയെന്നു പോലീസ് സ്ഥിരീകരിച്ചു.

ഖമറുദ്ദീൻ ചെയർമാനും ടി.കെ. പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായി 2003 ലാണു ഫാഷൻ ഗോൾഡ് ജ്വല്ലറി കമ്പനിയായി റജിസ്റ്റർ ചെയ്തത്. ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ശാഖകളിലേക്ക് 749 പേരിൽ നിന്നു നിക്ഷേപം സ്വീകരിച്ചു. 2019 നവംബറിൽ 3 ശാഖകളും പൂട്ടിയതോടെയാണു നിക്ഷേപകർ ആശങ്കയിലായത്. ഇതിനു മുൻപ്, 2019 ഒക്ടോബർ 21നാണ് ഖമറുദ്ദീൻ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎയായി.

ഈ വർഷം ഓഗസ്റ്റ് 27നു തൃക്കരിപ്പൂരിനടുത്ത് ചന്തേര പോലീസാണ് ആദ്യം കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘം മൊത്തം 77 കേസുകൾ അന്വേഷിക്കുന്നുണ്ട്. കാസർകോടിനു പുറമേ കണ്ണൂർ, തൃശൂർ ജില്ലകളിലെ ചില പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്. 

13 കോടി രൂപയുടെ തിരിമറിക്കു തെളിവു ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്പി വിവേക് കുമാർ പറഞ്ഞു. അതേസമയം നിക്ഷേപകര്‍ പോലീസിനെ സമീപിക്കുന്നത് തുടരുകയാണ്. റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 117 ആയി.

Post a Comment

0 Comments