NEWS UPDATE

6/recent/ticker-posts

പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച നെയ്യാര്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ പിതാവിനെയും മകളെയും അധിക്ഷേപിച്ച എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.[www.malabarflash.com] 

സംഭവത്തില്‍ അന്വേഷണം നടത്താന്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. നെയ്യാര്‍ഡാം  പോലീസ് സ്‌റ്റേഷനില്‍ നില്‍ക്കുന്ന പിതാവിനോടും മകളോടും പരുഷമായ രീതിയില്‍ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന  പോലീസ് മേധാവി ഉത്തരവിട്ടിരുന്നു.

നെയ്യാര്‍ഡാം  പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചെന്നും പരാതിക്കാരോട് മോശമായി പെരുമാറിയ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഇയാളോട് നേരിട്ട് വിശദീകരണം തേടണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

പരാതിക്കാരന്‍ പ്രകോപിപ്പിച്ചു എന്ന എഎസ്‌ഐയുടെ വിശദീകരണം നിലനില്‍ക്കില്ല. മറ്റൊരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗോപകുമാര്‍ സ്‌റ്റേഷനിലെത്തിയത്. അതിനിടെ പ്രകോപിതനായി മോശം വാക്കുകള്‍ ഉപയോഗിച്ചത് ന്യായീകരിക്കാനാകില്ല. ഡ്യൂട്ടിയിലിരിക്കേ മഫ്തി വേഷത്തില്‍ സ്‌റ്റേഷനിലേക്കു വന്നതു തെറ്റാണ്. സിവില്‍ ഡ്രസില്‍ പോകേണ്ട ഡ്യൂട്ടിയിലായിരുന്നില്ല ഗോപകുമാര്‍. എഎസ്‌ഐയുടെ പ്രവര്‍ത്തനം  പോലീസ് സേനയ്ക്കു ചേരാത്തതാണെന്നും സേനയെ അപകീര്‍ത്തിപ്പെടുത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു. 

നെയ്യാര്‍ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയില്‍  പോലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ആരോ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയുമായി വീണ്ടും  പോലീസ് സ്‌റ്റേഷനിലെത്തിയ സുദേവനോടും കൂടെയുണ്ടായിരുന്ന മകളോടും ഉദ്യോഗസ്ഥന്‍ മോശമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. 

സംഭവത്തില്‍  പോലീസിനു ഗുരുതരവീഴ്ച ഉണ്ടായി എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു.

Post a Comment

0 Comments