Top News

അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, നടപടി സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്- എം.സി. ഖമറുദ്ദീന്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്ന് മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദ്ദീന്‍. സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ചാണ് അന്വേഷണ സംഘത്തിന്റെ നടപടി. നോട്ടീസ് പോലും നല്‍കാതെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഖമറുദ്ദീന്‍ ആരോപിച്ചു.[www.malabarflash.com]


കേസില്‍ തിങ്കളാഴ്ച താന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നുണ്ട്. എന്നാല്‍ അതിനുപോലും കാത്തിരിക്കാതെയാണ് കാര്യങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതുകൊണ്ടെന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഖമറുദ്ദീന്‍ പറഞ്ഞു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകവെയാണ്‌ ഖമറുദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന്റെ മറവില്‍ 800-ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണക്കുകള്‍. വഞ്ചിക്കപ്പെട്ട കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി എത്തിയാല്‍ തുക വീണ്ടും വര്‍ധിക്കും.

Post a Comment

Previous Post Next Post