NEWS UPDATE

6/recent/ticker-posts

ഖത്തറിന് എതിരായ ഉപരോധം പിന്‍വലിക്കുന്നു; സൂചന നല്‍കി സൗദി അറേബ്യ

വാഷിങ്ടണ്‍: തങ്ങളുടെ അയല്‍രാജ്യമായ ഖത്തറുമായി മൂന്നു വര്‍ഷമായി തുടരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പുരോഗതിയിലാണെന്ന സൂചന നല്‍കി സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.[www.malabarflash.com]

2017ലാണ് സൗദി അറേബ്യയും യുഎഇയും ബഹ്‌റയ്‌നും ഈജിപ്തും ദോഹയുമായുള്ള നയതന്ത്ര, വ്യാപാര ബന്ധം വിച്ഛേദിക്കുകയും ഖത്തറിനെതിരേ കടല്‍, കര, വ്യോമ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്. പ്രശ്‌ന പരിഹാരത്തിന് തങ്ങള്‍ പ്രിജ്ഞാബദ്ധരാണെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി ആതിഥേയത്വം വഹിച്ച വെര്‍ച്വല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

തങ്ങളുടെ ഖത്തറി സഹോദരന്‍മാരുമായി ഇടപഴകാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും അവരും അക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

അതേസമയം, മേഖലയുടെ സുരക്ഷാ ആശങ്കകള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും സമീപ ഭാവിയില്‍ തന്നെ ഒരു പരിഹാര പാത ഉരുത്തിരിയുമെന്ന് കരുതുന്നുവെന്നും ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. 

തങ്ങളെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ച നിയമാനുസൃതമായ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്താന്‍ തങ്ങള്‍ക്കു കഴിയുന്നുണ്ടെങ്കില്‍ അത് ഈ മേഖലയ്ക്ക് ഒരു സന്തോഷ വാര്‍ത്തയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഖത്തര്‍ 'ഭീകരതയെ' പിന്തുണയ്ക്കുന്നുവെന്നും വര്‍ഷങ്ങളായി അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ആരോപിച്ചാണ് നാലു രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.

മേഖലയിലെ എതിരാളിയായ ഇറാനുമായി ദോഹയ്ക്കു വളരെയധികം അടുപ്പമുണ്ടെന്നും ആരോപിക്കപ്പെട്ടു. എന്നാല്‍, ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചിരുന്നു. ട്രംപ് ഭരണകൂടം ഉപരോധം അവസാനിപ്പിക്കാനും ഇറാനെതിരായ ഐക്യ ഗള്‍ഫിന് വഴിയൊരുക്കാനും ശ്രമം നടത്തിവരികയാണ്. 

അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് അടച്ചുപൂട്ടുക, ഇസ്‌ലാമിക ഗ്രൂപ്പുകളുമായുള്ള ബന്ധം വിച്ഛേദിക്കുക, ഇറാനുമായുള്ള ബന്ധം പരിമിതപ്പെടുത്തുക, രാജ്യത്ത് നിലയുറപ്പിച്ചിട്ടുള്ള തുര്‍ക്കി സൈനികരെ പുറത്താക്കുക തുടങ്ങി, ഉപരോധം അവസാനിപ്പിക്കാന്‍ സൗദി നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഖത്തര്‍ നിരസിച്ചതോടെയാണ് തര്‍ക്കം അവസാനിപ്പിക്കാനുള്ള മുന്‍കാല ശ്രമങ്ങള്‍ പരാജയപ്പെട്ടത്. 

നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് തന്റെ രാജ്യം തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് തന്റെ രാജ്യത്തിന്റെ പരമാധികാരത്തെ മാനിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.

Post a Comment

0 Comments