Top News

കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും - ആരോഗ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ച് നല്‍കിയ ആശുപത്രി ഒക്ടോബര്‍ 28 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.[www.malabarflash.com] 


ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം നടന്നുവരികയാണ്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കും. കാസര്‍കോട് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി കാസര്‍കോട് ജില്ലയിലെ തെക്കില്‍ വില്ലേജില്‍ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിര്‍മ്മിച്ചത്. ടാറ്റാ ഗ്രൂപ്പാണ് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആശുപത്രി സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയത്. 

Post a Comment

Previous Post Next Post