Top News

ബംഗളൂരുവിൽ നിന്ന് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുവന്ന മലയാളി ദമ്പതികൾ അറസ്റ്റിൽ

നാഗർകോവിൽ: ബംഗളൂരുവിൽ നിന്ന് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുവന്ന മലയാളി ദമ്പതികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട, പൂവച്ചൽ, ബെതേൽ ഹൗസിൽ ജോസഫ് ജോൺ (55), ഭാര്യ എസ്തർ (37) എന്നിവരാണ് കളിയിക്കാവിള ബസ് സ്റ്റാൻഡിൽ പിടിയിലായത്. ബംഗളൂരു മജീസ്റ്റിക് സ്വദേശി വിജയകുമാർ - കാർത്തികേശ്വരി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുവന്നത്.[www.malabarflash.com]


ചെവ്വാഴ്ച രാത്രി 11ന് കളിയിക്കാവിള പോലീസ് ഇൻസ്പെക്ടർ എഴിൽ അരസിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ റോന്തുചുറ്റുമ്പോഴായിരുന്നു സംഭവം. ഈസമയം ജോസഫ് ജോണും എസ്തറും കുട്ടിയുമായി ഇവിടെ നിൽക്കുകയായിരുന്നു. ജോസഫ് ജോണിന്റെ രണ്ടാം വിവാഹത്തിലുള്ള എട്ടുവയസുകാരനും ഒപ്പമുണ്ടായിരുന്നു.

എന്നാൽ പെൺകുട്ടി നിറുത്താതെ കരയുന്നത് ശ്രദ്ധയിൽപ്പെട്ട എഴിൽ അരസി അടുത്തു ചെന്നപ്പോൾ ജോസഫും എസ്തറും കുട്ടികളുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത ശേഷം തക്കല ഡി.എസ്.പി രാമചന്ദ്രന് വിവരം കൈമാറി. തുടർന്ന് ഡി.എസ്.പി സ്ഥലത്തെത്തി ചോദ്യം ചെയ്‌തപ്പോഴാണ് കുട്ടിയെ ബംഗളൂരു മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ട് വന്നതെന്ന് മനസിലായത്.

തുടർന്ന് കന്യാകുമാരി എസ്.പി ബദ്രിനാരായണൻ ബംഗളൂരു പോലീസിന് വിവരം കൈമാറി. 18ന് ബംഗളൂരുവിൽ നിന്ന് കുട്ടിയെ കാണാതായെന്നും ഇതുസംബന്ധിച്ച് അമ്മ ഉപ്പർപേട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കണ്ടെത്തി. കുട്ടികളെ നാഗർകോവിൽ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എസ്തർ മൂന്നാമത്തെ ഭാര്യയാണെന്ന് ജോസഫ് ജോൺ മൊഴിനൽകി. ഏഴ് വർഷം മുമ്പാണ് ഇവർ ബംഗളൂരുവിലെത്തിയത്. പ്രതികളെയും കുട്ടികളെയും ഇന്ന് ബംഗളൂരു പോലീസിന് കൈമാറും.

Post a Comment

Previous Post Next Post