യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ കഴിഞ്ഞ ജൂണ്‍ അവസാന വാരം തിരുവനന്തപുരം വിമാനത്താവളത്തിൽ ബാഗേജ് എത്തിയ നാൾ മുതൽ തുടങ്ങിയ നീക്കങ്ങളാണ് സംസ്ഥാന ഭരണത്തെ വരെ പിടിച്ചു കുലുക്കും വിധം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് എത്തിയത്.
രാവിലെ തിരുവനന്തപുരത്തെ ആശുപത്രിയിൽനിന്ന് കസ്റ്റഡിയിലെടുത്ത ശിവശങ്കറെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ആറ് മണിക്കൂറോളം ബുധനാഴ്ച ശിവശങ്കറെ ഇഡി ചോദ്യം ചെയ്തു. രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വ്യാഴാഴ്ച ശിവശങ്കറെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും. കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് രാവിലെ 10.55ന് ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുത്തത്. ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി നിർദേശത്തിന്റെ കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു.
തിരുവനന്തപുരം വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയിൽ പുറംവേദനയ്ക്കുള്ള ചികിത്സയിലായിരുന്നു ശിവശങ്കർ. ഡോക്ടറോട് ആരോഗ്യസ്ഥിതി ചോദിച്ചശേഷം ഇഡി ഉദ്യോഗസ്ഥർ ശിവശങ്കറിനു സമൻസ് കൈമാറി.
സ്വന്തം വാഹനത്തില്‍ വരുന്നോ അതോ ഞങ്ങളോടൊപ്പം വരുന്നോ എന്ന ചോദ്യത്തിനു കൂടെ വരാമെന്നായിരുന്നു മറുപടി. ശാന്തനായി ഉദ്യോഗസ്ഥരോടൊപ്പം കൊച്ചിയിലേക്കു പുറപ്പെട്ടു. ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക വിഷയങ്ങള്‍ ശിവശങ്കർ കൈകാര്യം ചെയ്ത സാഹചര്യം വിലയിരുത്തിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയത്. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അപക്വമാണെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി.
0 Comments