NEWS UPDATE

6/recent/ticker-posts

പ്രത്യേക വിവാഹ നിയമം: വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെതിരേ ഹര്‍ജി

ന്യൂഡല്‍ഹി: പ്രത്യേക വിവാഹ (സ്‌പെഷ്യല്‍ മാര്യേജ്) നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദമ്പതിമാരുടെ സ്വകാര്യ വിവരങ്ങള്‍ നോട്ടീസായി പ്രദര്‍ശിപ്പിച്ച് അന്വേഷണത്തിന് വിധേയമാക്കണമെന്ന വകുപ്പുകള്‍ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി.[www.malabarflash.com]

ഇത് സ്വകാര്യതയുടെ ലംഘനവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ നിയമവിദ്യാര്‍ഥിനി നന്ദിനി പ്രവീണ്‍ ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

ദമ്പതിമാരുടെ പേര്, ജനനത്തീയതി, വയസ്സ്, ജോലി, മാതാപിതാക്കളുടെ പേരുവിവരം, തിരിച്ചറിയല്‍ വിവരം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും പുട്ടസ്വാമി കേസിലെ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ദമ്പതികളുമായി ബന്ധമില്ലാത്തവര്‍ക്ക് പോലും എതിര്‍പ്പറിയിക്കാന്‍ 30 ദിവസത്തെ സമയമനുവദിക്കുന്നുണ്ട്. മിശ്രവിവാഹ കേസുകളിലും മറ്റും ദുരഭിമാനക്കൊലപോലുള്ള സംഭവങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കുമെന്ന ആശങ്കയും ഉന്നയിച്ചു. പബ്ലിക് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കുവേണമെങ്കിലും വിവാഹത്തിന് എതിര്‍പ്പ് ഉന്നയിക്കാമെന്ന് നിയമത്തില്‍ പറയുന്നു. അത്തരം എതിര്‍പ്പുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ മാര്യേജ് ഓഫീസര്‍ക്ക് അധികാരമുണ്ട്.

സ്വകാര്യതയ്ക്ക് പുറമേ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം കൂടി ലംഘിക്കപ്പെടുന്നതായി അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ രാജന്‍ ശങ്കര്‍ എന്നിവര്‍വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിവാഹം കഴിക്കാനുള്ള അവകാശത്തിനായി സ്വകാര്യത ബലികഴിക്കേണ്ട അവസ്ഥയാണ്. ഹിന്ദുവിവാഹ നിയമത്തിലോ ഇസ്ലാമിക നിയമത്തിലോ വിവാഹത്തിനു മുമ്പ് ഇത്തരം നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച് പറയുന്നില്ല. പരമ്പരാഗത വിവാഹരീതികളിലില്ലാത്ത വ്യവസ്ഥകള്‍ മതനിരപേക്ഷ നിയമമായ സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

അതിനാല്‍, നിയമത്തിലെ ആറ് (രണ്ട്), ഏഴ്, എട്ട്, പത്ത് വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ദമ്പതിമാരുടെ വിവരങ്ങള്‍ മാര്യേജ് ഓഫീസറുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കണമെന്നുപറയുന്ന ആറ് (മൂന്ന്) വകുപ്പും അന്വേഷണം നടത്തണമെന്ന് പറയുന്ന ഒമ്പതാം വകുപ്പും ഭാഗികമായി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments