NEWS UPDATE

6/recent/ticker-posts

ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം മഞ്ചേശ്വരം തുറമുഖം യാഥാര്‍ത്ഥ്യമാവുന്നു, ഒക്ടോബര്‍ ഒന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പിക്കും

കാസര്‍കോട്: മഞ്ചേശ്വരം നിവാസികളുടെ സ്വപ്‌ന പദ്ധതിയായ ഫിഷിംഗ് ഹാര്‍ബര്‍ ഉദ്ഘാടനത്തിനൊരുങ്ങി. ജില്ലയിലെ മത്സ്യബന്ധനമേഖലയ്ക്ക് ഉത്തേജനം പകര്‍ന്ന് ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം മഞ്ചേശ്വരം തുറമുഖം യാഥാര്‍ത്ഥ്യമാവുന്നു.[www.malabarflash.com]

യാഥാര്‍ത്യമാകുന്നതോടെ കോയിപ്പാടി, ഷിറിയ, ബങ്കര മഞ്ചേശ്വരം എന്നീ മത്സ്യഗ്രാമങ്ങളിലെ ഏകദേശം പതിനായിരത്തോളം പേരാണ് തുറമുഖ പദ്ധതിയുടെ ഗുണഭോക്താക്കളാവുക. പ്രദേശത്തെ 1200 ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും 4800 ലധികം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിപണനത്തിനും കയറ്റുമതിയിലും ഏര്‍പ്പെട്ട അനുബന്ധ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പദ്ധതി സഹായകരമാവുമെന്നു ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് കാസര്‍കോട് ഡിവിഷണല്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എ മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. 

2014 ഫിബ്രവരിയിലാണ് ഇതിന്‍റെ തറക്കല്ലിടല്‍ നടന്നത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ഒരു വര്‍ഷത്തോളം നിര്‍മാണ പ്രവര്‍ത്തനം നടന്നില്ല. പിന്നീട് 2015 ആഗസ്തിലാണ് നിര്‍മാണം പുനരാരംഭിച്ചത്. മഞ്ചേശ്വരം തുറമുഖ പദ്ധതിയുടെ മൊത്തം ചെലവ് 48.80 കോടി രൂപയാണ്. ഇതില്‍ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്.

പദ്ധതിക്കായി ഇതുവരെ 45.71 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പൂനെയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസേര്‍ച്ച് സ്റ്റേഷന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഹാര്‍ബര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 

മഞ്ചേശ്വരം, പുഴകള്‍ ഒന്നിച്ച് ചേരുന്ന അഴിമുഖത്താണ് പദ്ധതി നടപ്പിലാക്കിയത് മുസോടി ഭാഗത്ത് 8.92 ഏക്കറും ഹൊസബെട്ടു ഭാഗത്ത് 2.85 ഏക്കറുമടക്കം 11.77 ഏക്കര്‍ സ്ഥലമാണ് നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ഡ്രഡ്ജിങ് നടത്തിയത്. 275 ബോട്ടുകള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ജില്ലയിലെ രണ്ട് പദ്ധതികളായ മഞ്ചേശ്വരം തുറമുഖം പൂര്‍ത്തീകരിക്കുകയും കാസര്‍കോട് മത്സ്യബന്ധന തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി പുലിമുട്ടിന്റെ നീളം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്. 

തുറമുഖ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും.

Post a Comment

0 Comments