Top News

കനത്ത മഴയില്‍ കാസര്‍കോട് 2 മരണം; 12 വീടുകള്‍ തകര്‍ന്നു

കാസര്‍കോട്: ജില്ലയില്‍ കാലവര്‍ഷത്തില്‍ രണ്ടുമരണം. മധൂര്‍ പരപ്പാടി ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37), ചെറുവത്തൂര്‍ മയ്യിച്ചയിലെ കോളായി സുധന്‍ (50) എന്നിവരാണ് മഴക്കെടുതിയില്‍ മരണപ്പെട്ടത്.[www.malabarflash.com]

ചന്ദ്രശേഖരന്‍ വയലില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.

സുധന്‍ മയ്യിച്ച പാലത്തറ യില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഇന്നു പുലര്‍ച്ചേയാണ് സംഭവം. ശക്തമായ മഴയില്‍ ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മധുവാഹിനി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. മധൂര്‍ വില്ലേജില്‍ മൊഗറില്‍ ഏഴുകുടുംബങ്ങളേയും പട്‌ളയില്‍ മൂന്ന് കുടുംബങ്ങളേയും മാറ്റിപാര്‍പ്പിച്ചു.

തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ കാസര്‍കോട് അടുക്കത്ത്ബയല്‍ ബീച്ചില്‍ സത്യനാരായണ മീത്തിന് സമീപം പന്ത്രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. മഞ്ചേശ്വരം സ്വദേശി ഫെലിക്‌സ് ഡിസൂസയുടെ വീട് മാവ് വീണ് തകര്‍ന്നു. കുമ്പഡാജെ ഉപ്പഗള മൂലയിലെ ലക്ഷ്മി നാരായണഭട്ടിന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. ഹൊസ്ദുര്‍ഗിലും കാസര്‍കോട്ടും നിരവധി കുടുംബങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചുവരികയാണ്.

Post a Comment

Previous Post Next Post