NEWS UPDATE

6/recent/ticker-posts

അവസാനമായി ആ സെൽഫിയും വോയ്​​സ്​ മെസേജും; പിലാശ്ശേരിയുടെ കണ്ണീരായി കുഞ്ഞുമോൻ

കോഴിക്കോട്​: മഹാമാരിക്കാലത്ത്​ കടലിനക്കരെനിന്ന്​ പിറന്നനാട്ടിലേക്ക്​ പറക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കുന്ദമംഗലം പിലാശ്ശേരി സ്വദേശി മേലേ മരുതക്കോട്ടിൽ ഷറഫുദ്ദീൻ.[www.malabarflash.com]

ദുബൈയിൽനിന്ന്​ ഭാര്യക്കും പിഞ്ചു മകളോടുമൊ​പ്പം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്​ മടങ്ങാനൊരുങ്ങവേ ഷറഫുദ്ദീൻ ​ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത ചിത്രം അതു സാക്ഷ്യപ്പെടുത്തുന്നുണ്ട്​. കൂട്ടുകാർക്ക്​ സ്​നേഹനിർഭരമായി അവനയച്ച വോയ്​സ്​ മെസേജും.

ഒടുവിൽ ജന്മനാട്ടിലേക്ക്​ കാലുകുത്താൻ നിമിഷങ്ങൾ ബാക്കിയിരിക്കെ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറിയപ്പോൾ വീണുടഞ്ഞതിലൊന്ന്​ നാടിന്റെ പ്രിയങ്കരനായിരുന്ന ആ യുവാവിന്റെ ജീവിതവും കൂടിയാണ്​.

നാട്ടുകാർക്ക്​ പ്രിയപ്പെട്ട 'കുഞ്ഞുമോൻ' ആയിരുന്നു ഷറഫു. എല്ലാവരും അങ്ങനെയാണ്​ അവനെ വിളിച്ചിരുന്നത്​. പ്രിയതമ അമീന ഷെറിനും രണ്ടുവയസ്സായ മകൾ ഫാത്തിമ ഇസ്സക്കുമൊ​പ്പം മാസ്​ക്​ ധരിച്ച്,​ അതിനു മുകളിൽ ഫേസ്​ ഷീൽഡും ധരിച്ച്​ മുഖം മറച്ചു നിൽക്കുമ്പോഴും നാടണയാൻ പോകുന്നതിന്റെ ആശ്വാസം നൽകുന്ന തിളക്കം ഷറഫുവിന്റെ  കണ്ണുകളിൽ തെളിഞ്ഞുകാണാമായിരുന്നു.

'ബാക്​ ടു​ ഹോം' എന്ന അടിക്കുറിപ്പോടെയാണ്​ തന്റെ അവസാന ചിത്രം ഫേസ്​ ബുക്കിൽ പോസ്​റ്റ്​ ചെയ്​തത്​. ഒടുവിൽ നാടണയുന്നതിന്​ ഏതാനും കിലോമീറ്ററുകൾക്കപ്പുറം ജീവിതവഴിയിൽനിന്ന്​ തെന്നിമാറിയപ്പോൾ കുഞ്ഞിമോനെയോർത്ത്​ പിലാശ്ശേരി സങ്കടക്കടലിൽ മുങ്ങുകയാണ്​.

സന്നദ്ധ സംഘടനയായ ഐ.സി.എഫിന്റെ യു.എ.ഇ നാഷനൽ കമ്മിറ്റിയംഗമായിരുന്ന ഷറഫുദ്ദീൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. കോവിഡ്​ കാലത്ത്​ നിരവധി പേരെ നാട്ടിലെത്തിക്കുന്നതിൽ മുൻകൈയെടുത്ത്​ പ്രവർത്തിച്ചു.

ദുബൈ എയർപോർട്ടിൽനിന്ന് വിമാനത്തിൽ കയറുന്നതിന്​ തൊട്ടുമുമ്പ്​ കൂട്ടുകാർക്കയച്ച വാട്​സപ്​ സന്ദേശമിങ്ങനെ- 'കോവിഡ്​ പരിശോധന കഴിഞ്ഞു. പ്രശ്​നമൊന്നും ഇല്ല. ഭാര്യയും മകളും ഒപ്പമുണ്ട്​. ഒരു ബുദ്ധിമുട്ടുമില്ലാതെ നാട്ടിലെത്തുന്നതിന്​ എല്ലാവരും പ്രാർഥിക്കണം.' -സ്​നേഹനിർഭരമായ ആ വാട്​സാപ്​ സന്ദേശമയച്ചാണ്​ സന്തോഷത്തിന്റെ സെൽഫിയുമെടുത്ത്​ ഷറഫു നാഥന്റെ വിളിക്കുത്തരം നൽകി മടങ്ങിയത്​.

Post a Comment

0 Comments