NEWS UPDATE

6/recent/ticker-posts

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം; ഒരു വർഷം ജയിലിലടക്കുമെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്

ദുബൈ: വാട്‌സ്ആപ്പിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ദുബൈ പോലീസ്. യുഎഇ നിയമ പ്രകാരം കിംവദന്തികള്‍ പ്രചരപ്പിക്കുന്നവരെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജയിലിടയ്്ക്കാമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.[www.malabarflash.com]

പകര്‍ച്ചവ്യാധി സമയത്ത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച നിരവധി വ്യാജ സന്ദേശങ്ങള്‍ സമൂഹത്തിന്റെ സ്ഥിരതയെ തകര്‍ക്കുന്നതും ജനങ്ങളില്‍ ആശയകുഴപ്പം ഉണ്ടാക്കുന്നതുമായിരുന്നുവെന്ന് സീനിയര്‍ പ്രോസിക്യൂട്ടര്‍ ഡോ. ഖാലിദ് അല്‍ ജുനൈബി പറഞ്ഞു. 

യുഎഇ ഷോപ്പിംഗ് മാളുകള്‍ വീണ്ടും തുറന്നശേഷം അടുത്തിടെ അടച്ചെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചു. ഈ വ്യാജ വാര്‍ത്ത ഉടന്‍ വൈറലായി. ഇത് ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പത്തിന് കാരണമായി. ഒടുവില്‍ അതോറിറ്റിക്ക് തന്നെ അത് നിഷേധിക്കാന്‍ രംഗത്ത് ഇറങ്ങേണ്ടിവന്നു- പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പലരും ലഭിക്കുന്ന സന്ദേശങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി സ്ഥിരീകരിക്കാതെ മറ്റൊരാള്‍ക്ക് കൈമാറുന്നു. അവര്‍ക്ക് നല്ല ഉദ്ദേശ്യമുണ്ടെങ്കില്‍പ്പോലും വ്യാജം പ്രചരിപ്പിക്കാനുള്ള ഉപകരണമായി മാറുന്നു. മറ്റുള്ളവര്‍ക്ക് കൈമാറുന്ന സന്ദേശങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ് അവര്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല- അല്‍ ജുനൈബി പറഞ്ഞു.

Post a Comment

0 Comments