NEWS UPDATE

6/recent/ticker-posts

ആന്ധ്ര,യു.പി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ തുറന്നതില്‍ ആഹ്ലാദം: കേരളത്തില്‍ മാത്രം ദുരൂഹത, സംഘ് പരിവാറിന്റെ കുത്തിത്തിരിപ്പിനെ തുറന്നുകാട്ടി എം.ബി രാജേഷ്

പാലക്കാട്: ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവിനെ തുടര്‍ന്ന് ആന്ധ്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രമുഖ അമ്പലങ്ങളെല്ലാം തുറന്നു. ആരാധാനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രം പറഞ്ഞിട്ടും തുറക്കാത്തതെന്തെന്ന് ആക്രോശിച്ചത് അതേ കേന്ദ്രത്തിലെ സഹമന്ത്രി വി. മുരളീധരനും.[www.malabarflash.com]

ഇപ്പോള്‍ കേരളത്തിലെ അമ്പലങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത് ദൂരഹമാണെന്ന ആരോപണവുമായെത്തിയ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണ് സി.പി.എം നേതാവ് എം.ബി രാജേഷ്. ഫേസ് ബുക്കിലാണ് രാജേഷ് ഈ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. അവിടെ അമ്പലങ്ങള്‍ തുറന്നപ്പോള്‍ സംഘ്പരിവാറുകാര്‍ എതിര്‍ത്തതേയില്ല. ഇവിടെ ആക്രോശിക്കുകയാണെന്നും രാജേഷ് പറയുന്നു.

സഹമന്ത്രിയെങ്കിലും കുത്തിത്തിരുപ്പിലും അവസരവാദത്തിലും കാബിനറ്റ് റാങ്കാണ് വി. മുരളീധരനെന്നു പരിഹസിക്കുന്ന പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തല മുല്ലപ്പള്ളിമാര്‍ക്കും പരിഹാസമുണ്ട്. 
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സുവര്‍ണ്ണാവസര വാദികള്‍ വീണ്ടും രംഗത്ത്! വിശ്വാസികള്‍ ജാഗ്രതൈ…..
ആരാധാനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം പറഞ്ഞിട്ടും തുറക്കാത്തതെന്തെന്ന് ആക്രോശിച്ചത് അതേ കേന്ദ്രത്തിലെ സഹമന്ത്രി. സഹമന്ത്രിയെങ്കിലും കുത്തിത്തിരുപ്പിലും അവസരവാദത്തിലും കാബിനറ്റ് റാങ്കാണ് കക്ഷിക്ക്. സഹനടന്‍മാരായ ചെന്നിത്തല-മുല്ലപ്പള്ളിമാര്‍ മാത്രമല്ല പണിയില്ലാതായ പഴയ ശബരിമല കറക്കു കമ്പനി മുഴുവന്‍ സടകുടഞ്ഞെഴുന്നേറ്റു.
കേന്ദ്രം പറഞ്ഞിട്ടും ക്ഷേത്രം തുറക്കാത്ത, വിശ്വാസം തകര്‍ക്കുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിനെതിരായി വിശ്വാസികളെ ഇളക്കിവിട്ട് രണ്ടാം വിശ്വാസ സംരക്ഷണം സ്വപ്നം കണ്ട് കോള്‍മയിര്‍ കൊണ്ടു. കൊട്ടക്കണക്കിന് വോട്ട് കിട്ടുമെന്നോര്‍ത്ത്, അധികാരാര്‍ത്തി മൂത്ത് വായില്‍ വെള്ളമൂറി. പക്ഷേ സംസ്ഥാനം തുറക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ആ സ്വപ്നം വീണുടഞ്ഞു. നേരെ പ്ലേറ്റ് മാറ്റി. ‘നിര്‍ബന്ധിച്ച് തുറപ്പിക്കുന്നേ’ എന്ന കള്ളക്കരച്ചിലായി. കേട്ടാല്‍ തോന്നും പോലിസിനെ വിട്ട് ക്ഷേത്രം തുറപ്പിക്കുകയാണെന്ന്. ബീവറേജ് തുറക്കാമെങ്കില്‍ ക്ഷേത്രം തുറന്നു കൂടെ എന്ന് ഇതുവരെ അലറിക്കൊണ്ടിരുന്നവരാണ്. എത്ര വേഗമാണ് മലക്കം മറിഞ്ഞത്.

ശബരിമലയില്‍ ഭക്തരെ തടഞ്ഞും, നെയ്‌ത്തേങ്ങ കൊണ്ട് എറിഞ്ഞ് തല പൊട്ടിച്ചും ‘വിശ്വാസം രക്ഷിച്ചവര്‍’ അവസാന അടവെടുത്തിരിക്കുകയാണ്. കൊറോണ തുടങ്ങിയതു മുതല്‍ അടവുകള്‍ പലതും പയറ്റി പരാജയപ്പെട്ടവരാണ്. അതിര്‍ത്തിയില്‍ അലമ്പുണ്ടാക്കി. ആശുപത്രിയില്‍ നഴ്‌സുമാരുടെ വായില്‍ ലഡു വെച്ചു കൊടുത്തു. കൊറോണ വാര്‍ഡില്‍ ആളെക്കൂട്ടി ഉദ്ഘാടനം നടത്തി പടര്‍ത്താന്‍ നോക്കി. പരീക്ഷ വരെ മുടക്കാന്‍ നോക്കി. ഒന്നും വേണ്ടത്ര ഫലിച്ചില്ല. ഇനി അവസാന അടവു തന്നെ ആശ്രയം. ‘വിശ്വാസം അതല്ലേ എല്ലാം ‘. പക്ഷേ ഒരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ചത്തെന്നു വിചാരിച്ച് വീണ്ടും ഓടിക്കൂടിയ ശബരിമല കറക്കു കമ്പനി നിരാശരായി.
‘ പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല’
എന്ന് കുഞ്ചന്‍ നമ്പ്യാര്‍.

Post a Comment

0 Comments