Top News

സര്‍ക്കാര്‍ ജോലിക്കായി അച്ഛനെ കൊലപ്പെടുത്തി മകന്‍; സഹായിച്ചത് അമ്മയും സഹോദരനും

ഹൈദരാബാദ്: സര്‍ക്കാര്‍ ജോലി ലഭിക്കാനായി അച്ഛനെ മകന്‍ കൊലപ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരനായ 55 കാരന്‍ പിതാവാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ മരിച്ചാല്‍ ലഭിക്കുന്ന ആശ്രിത നിയമനത്തിന് വേണ്ടിയാണ് കൊലപാതകം. അമ്മയും സഹോദരനും കൊലപാതകത്തിനായി സഹായിച്ചെന്നും പോലീസ് വ്യക്തമാക്കി.[www.malabarflash.com]

തെലങ്കാനയിലെ പെഡ്ഡപള്ളിയിലാണ് സംഭവം. 25 കാരനായ മകന്‍ ടവ്വലുപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അച്ഛനെ കൊലപ്പെടുത്തിയത്. മരിച്ചത് ഹൃദയാഘാതമാണെന്നും കുടുംബം വരുത്തി തീര്‍ത്തു. രണ്ട് മക്കളെയും അറസ്റ്റ് ചെയ്‌തെന്ന് പോലീസ് പറഞ്ഞു. അമ്മ ഒളിവിലാണ്.

കൊല്ലപ്പെട്ട പിതാവ് ഗോദാവരി ഖനിയിലെ സിംഗരേനി കൊളേറീസ് ലിമിറ്റഡില്‍ പമ്പ് ഓപ്പറേറ്ററായിരുന്നു. ഇയാള്‍ മരിച്ചാല്‍ ഡിപ്ലോമ യോഗ്യതയുള്ള മകന് ആശ്രിത നിയമനം വഴിയുള്ള ജോലി ലഭിക്കുമെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതകത്തിന് ശേഷം പിറ്റേ ദിവസം അച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചെന്ന് ഇവര്‍ ബന്ധുക്കളെ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ശവസംസ്‌കാരം പെട്ടെന്ന് നടത്താന്‍ ശ്രമിച്ചതാണ് സംശയത്തിന് കാരണമായത്. ചിലര്‍ പോലീസിനെ അറിയിച്ചതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് നിര്‍ദേശിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം ശ്വാസം മുട്ടിച്ചാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. മൂവര്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post