Top News

ശബരിമല നട ജൂണ്‍ 14ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം

തിരുവനന്തപുരം: ശബരിമലയില്‍ മിഥുനമാസ പൂജകള്‍ക്കായി ജൂണ്‍ 14ന് നടതുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 14 മുതല്‍ 28 വരെ മാസപൂജയും ഉല്‍സവവും നടക്കും. 28ന് ആറാട്ട്.[www.malabarflash.com]

നിലവില്‍ ശബരിമലയിലുള്ള വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഒരുമണിക്കൂറില്‍ 200 പേരെ വെര്‍ച്വല്‍ ക്യൂ വഴി അനുവദിക്കും. രാവിലെ നാലുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും വൈകീട്ട് നാലുമുതല്‍ രാത്രി 11 വരെയും ദര്‍ശനം. ആകെ 16 മണിക്കൂറായിരിക്കും ദര്‍ശനസമയം. 

50 പേരെ മാത്രമേ ഒരുസമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. അടുത്ത ക്യൂവില്‍ അടുത്ത 50 പേരെ പ്രവേശിപ്പിക്കും. ക്യൂവില്‍ സാമൂഹ്യ അകലം പാലിക്കാന്‍ കൃത്യമായ ക്രമീകരണം വട്ടം വരച്ച് രേഖപ്പെടുത്തും. 

10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിനുമേലെയുള്ളവര്‍ക്കും രജിസ്ട്രേഷന്‍ അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനിങ് ഉണ്ടാവും. ഭക്തര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൈ സോപ്പുപയോഗിച്ച് കഴുകാനും സാനിറ്റൈസേഷനും സൗകര്യമുണ്ടാവും.
വിഐപി ദര്‍ശനമുണ്ടാവില്ല. വരുന്ന ഭക്തര്‍ക്ക് താമസസൗകര്യവുമില്ല. കൊടിയേറ്റവും ആറാട്ടും ഇത്തവണ ചടങ്ങുകളായി മാത്രമാവും നടത്തുക. നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാവും. എന്നാല്‍, തങ്ങള്‍ കൊണ്ടുവരുന്ന നെയ് തന്നെ അഭിഷേകം നടത്തി അതിന്റെ ആടിയശിഷ്ടം വേണമെന്ന് നിര്‍ബന്ധം ചെലുത്തരുത്. എന്നാല്‍, അഭിഷേകം നടത്തിയ നെയ്യ് നല്‍കാന്‍ സൗകര്യമൊരുക്കും. 

പാളപാത്രത്തില്‍ ചൂടുകഞ്ഞി ഭക്തര്‍ക്ക് നല്‍കും. കെഎസ്ആര്‍ടിസി ബസുകള്‍ വഴിയും സ്വകാര്യവാഹനങ്ങള്‍ ഉപയോഗിച്ചും വരാം. ഇത്തവണ പ്രത്യേക സാഹചര്യത്തില്‍ പമ്പ വരെ വാഹനങ്ങള്‍ വരാന്‍ യാത്രാനുമതിയുണ്ട്. പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ടാവും. 

മഴ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റം വരുത്തും. അഞ്ചുപേര്‍ വീതമുള്ള ടീമുകളായാണ് അനുവദിക്കുക. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ ശബരിമല ദര്‍ശനത്തിന് കേരളത്തിലേക്ക് വരാന്‍ 'കൊവിഡ് 19 ജാഗ്രത' പോര്‍ട്ടല്‍ വഴി പാസിന് രജിസ്റ്റര്‍ ചെയ്യണം. പേരും വിവരങ്ങള്‍ക്കുമൊപ്പം ശബരിമലയില്‍ വരുന്നവര്‍ വരുന്നതിന് രണ്ടുദിവസം മുമ്പെങ്കിലും ഐസിഎംആര്‍.
അംഗീകൃത ലാബിന്റെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. 

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് മാത്രമായിരിക്കും അമ്പലദര്‍ശനത്തിന് പ്രവേശനം. ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനം ലഭ്യമാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാവും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാകും ദര്‍ശനം അനുവദിക്കുക. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നവിധം ക്രമീകരണങ്ങളുണ്ടാവും.

Post a Comment

Previous Post Next Post