Top News

ഒടുവില്‍ പ്രിയതമക്കും പ്രിയപ്പെട്ടവര്‍ക്കും മുമ്പിലെത്തുന്നു നിതിന്റെ ചേതനയറ്റ ശരീരം

കോഴിക്കോട്: ഒടുവില്‍ നിതിന്‍ വരികയാണ്. പ്രിയപ്പെട്ടവര്‍ക്കു ഒരു നോക്കുകാണാനായി. പക്ഷേ പ്രിയതമക്കും പ്രിയപ്പെട്ടവര്‍ക്കും മുമ്പിലെത്തുന്നത് നിതിന്റെ ചേതനയറ്റ ശരീരം. ആറ്റു നോറ്റുണ്ടായ പൊന്നോമനയുടെ പിറവിപോലുമറിയാതെയാണ് നിതിന്റെ മടക്കവും.[www.malabarflash.com] 

പ്രവാസികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച് ജനശ്രദ്ധ നേടിയ നിതിന്റെ മൃതശശീരം ബുധനാഴ്ച  പുലര്‍ച്ചെ അഞ്ചു മണിക്കാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തുക. ഗര്‍ഭിണിയായിരുന്ന ഭാര്യ ആതിരയെ നേരത്തെ നാട്ടിലെത്തിച്ച് നിതിന്‍ മടക്കയാത്ര അത്യാവശ്യക്കാര്‍ക്കായി മാറ്റിവെക്കുകയായിരുന്നു.

ഒടുവില്‍ നിതിനും ദുബൈയില്‍ വെച്ച് കൊവിഡില്ലാത്ത ലോകത്തേക്കു യാത്രയായത്. സ്വന്തം പെണ്‍കുഞ്ഞ് ജനിക്കുന്നതിന്റെ തലേന്നായിരുന്നു ആ മടക്കം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രിയതമന്റെ വിയോഗമറിയാതെ ആതിര പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. നിതിന്റെ വേര്‍പാട് സൃഷ്ടിച്ച സങ്കടക്കടലിലാണ് ആ കുടുംബമിപ്പോഴും. അതിനേക്കാളുപരി നിതിന്റെ വിയോഗവാര്‍ത്ത എങ്ങനെ ആതിരയെ അറിയിക്കുമെന്നോര്‍ത്തുള്ള ആവലാതിയിലുമാണവര്‍. ഇതിനിടയിലേക്കാണ് ചേതനയറ്റ നിതിന്റെ ശരീരം ബുധനാഴ്ച  വീട്ടിലെത്തുന്നത്.

കോവിഡ് ഭീതിക്കാലത്തെ പ്രവാസികളുടെ മടങ്ങിവരവിന് വഴിയൊരുക്കിയവരില്‍ മുന്നിലുണ്ടായിരുന്നു നിതിന്‍. മെയ് എട്ടിനാണ് ആതിര നാട്ടിലെത്തിയത്. ജൂലൈ ആദ്യ വാരത്തില്‍ നടക്കേണ്ട പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ ആതിരയുടെ യാത്ര നീണ്ടു. നിരവധി പേരുടെ യാത്രയും അനിശ്ചിതത്വത്തിലായി. എന്നാല്‍ പിന്തിരിയാന്‍ തയ്യാറായില്ല അതിരയും നിതിനും. യാത്ര അനിശ്ചിതത്വത്തിലായ നൂറുകണക്കിനാളുകളുടെ പ്രതിനിധിയായി ദുബൈയിലെ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സഹായത്തോടെ അവര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

ദുബൈയില്‍ മെക്കാനിക്കനല്‍ എന്‍ജിനീയറായ നിതിന്‍ നല്ലൊരു സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ദുബൈയിലെ അമരക്കാരനായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. 

ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകരായ അഷ്‌റഫ് താമരശ്ശേരി, റിയാസ് കൂത്തുപറമ്പ്, അഡ്വ. ആഷിഖ്, അനൂപ്, ഹൈദര്‍ എന്നിവരുടെ പ്രയ്തനഫലമായാണ് നിതിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങിയത്.

Post a Comment

Previous Post Next Post