Top News

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷത്തോട് അടുക്കുന്നു; 24 മണിക്കൂറിനിടെ 120 മരണം

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 90,000ത്തിലധികമായി. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ മാത്രം 51,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.[www.malabarflash.com]

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,259 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 90,787 ആയി. രാജ്യത്ത് ആകമാനമുള്ള കോവിഡ് കേസുകളില്‍ കാല്‍ ഭാഗത്തോളം വരുമിത്. രോഗബാധയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 120 പേരാണ് . ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,289 ആയി.

സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഇപ്പോള്‍ 51,100 കേസുകളാണ് ഇപ്പോഴുള്ളത്. ഇവിടെ മാത്രം 1,760 പേരാണ് മരിച്ചത്. അതേ സമയം കോവിഡ് വ്യാപനത്തില്‍ ആശങ്കയേറുമ്പോഴും സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. 

15 ശതമാനം ജീവനക്കാരോടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ആഴ്ച അനുമതി നല്‍കിയിരുന്നു. പത്ത് ശതമാനം ജീവനക്കാരോടെ പ്രൈവറ്റ് ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ ഇന്നലെ മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ജോലി ചെയ്യാന്‍ പ്ലംബര്‍മാര്‍, ഇലക്ട്രീഷന്‍മാര്‍ തുടങ്ങിയ ജോലിക്കാരേയും അനുവദിച്ചു. അതേ സമയം ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തന അനുമതി ഇല്ല.

Post a Comment

Previous Post Next Post