NEWS UPDATE

6/recent/ticker-posts

രാത്രി ഒന്‍പതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാത്രി വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഒന്‍പത് മണിക്ക് ശേഷമുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.[www.malabarflash.com]

കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലിസ് സംവിധാനം കൂടുതല്‍ കര്‍ശനമാക്കും. ഇത്തരം സ്ഥലങ്ങളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ. രാത്രി ഒന്‍പതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസര്‍വ്വീസുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ.
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ചിലര്‍ മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാസ്‌ക്കും ഹെല്‍മെറ്റും ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്കെതിരെയും പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ശാരീരിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന് പോലിസ് നടപടി ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കടകള്‍, ചന്തകള്‍ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പോലിസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിന് അയച്ചു നല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം.
വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയില്‍ ബന്ധുവീടുകള്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുവദിക്കില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഭക്ഷണം ലഭ്യമാക്കുമ്പോള്‍ അമിതവില ഈടാക്കരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് കൂടുതല്‍ പേര്‍ എത്തുകയും അവര്‍ക്ക് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ തിരക്കുണ്ടാകും. യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം തങ്ങേണ്ടിവരും. ഈ സാഹചര്യത്തില്‍ ലഘുഭക്ഷണ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സിയാല്‍ എയര്‍പോര്‍ട്ടില്‍ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ വരുമ്പോള്‍ സന്നദ്ധ സംഘടനകളുടെയും മറ്റും പേരില്‍ സ്വീകരിക്കാന്‍ ആരും പോകേണ്ടതില്ല. വിമാനം ഇറങ്ങുന്നവര്‍ക്ക് വാഹനം തടഞ്ഞുനിര്‍ത്തി വഴിയില്‍ സ്വീകരണം നല്‍കുന്നതും അനുവദിക്കില്ല. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാലും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാന്‍ കാലതാമസമുണ്ടാകുന്നു എന്ന പരാതി ശദ്ധയില്‍പ്പെട്ടു. അത് ഒഴിവാക്കാന്‍ നടപടിയെടുക്കും. 

കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കും. ഇതില്‍ ഏകീകരണം വരുത്താന്‍ നടപടി സ്വീകരിക്കും. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പോലിസ് മേധാവിമാര്‍ക്കാണ്. ജില്ലാ പോലിസ് മേധാവിമാര്‍ പോലിസ് പിക്കറ്റുകളും മറ്റു പരിശോധനസ്ഥലങ്ങളും ഇടയ്ക്കിടെ സന്ദര്‍ശിക്കും. ക്വാറന്റൈല്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാതെ വീടുകളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.

Post a Comment

0 Comments