Top News

മുംബൈയില്‍ രോഗികളുടെ എണ്ണം ഉയരുന്നു; 99% ഐസിയു കിടക്കകളും 94% വെന്റിലേറ്ററുകളും നിറഞ്ഞു

മുംബൈ: കോവിഡ് 19 രൂക്ഷമായി ബാധിച്ചിരിക്കുന്ന മുംബൈയിലെ ആശുപത്രികളില്‍ 99 ശതമാനം അത്യാഹിത വിഭാഗവും രോഗികളെക്കൊണ്ട് നിറഞ്ഞതായി അധികൃതര്‍. വെന്റിലേറ്ററുകള്‍ 94 ശതമാനവും ഉപയോഗത്തിലാണെന്നും ബൃഹന്മുബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.[www.malabarflash.com]

മുംബൈയിലെ ആശുപത്രികളിലെ ഐസിയുകളില്‍ എല്ലാംകൂടി 1181 കിടക്കകളാണുണ്ടായിരുന്നത്. ഇതില്‍ 1167 എണ്ണവും ഇപ്പോള്‍ ഉപയോഗത്തിലാണ്. 14 കിടക്കകള്‍ മാത്രമാണ് ശേഷിക്കുന്നത്. 530 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 497 എണ്ണവും ഉപയോഗത്തിലാണ്.

മുംബൈയിലെ കോവിഡ് ആസ്പത്രികളിലും കോവിഡ് ആരോഗ്യകേന്ദ്രങ്ങളിലുമായി ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള 10,450 കിടക്കകളില്‍ 9,098 കിടക്കകളും ഇപ്പോള്‍ ഉപയോഗത്തിലാണ്. ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനം 5260 എണ്ണത്തില്‍ 3986 എണ്ണവും ഉപയോഗത്തിലാണെന്നും മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ മുംബൈ നഗരത്തില്‍ മാത്രം 56,831 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 2,113 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 1380 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 69 മരണവുമുണ്ടായി. ശനിയാഴ്ച മാത്രം മുംബൈയില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് 26 പോലീസുകാരാണ് മുംബൈയില്‍ മരണപ്പെട്ടത്.

മഹാരാഷ്ട്രയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,427 പുതിയ കോവിഡ് 19 കേസുകളാണ്. 113 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,04,568-ഉം മരണസംഖ്യ 3,830-ഉം ആയി ഉയര്‍ന്നു.

Post a Comment

Previous Post Next Post