NEWS UPDATE

6/recent/ticker-posts

വ്യാഴാഴ്ച വരെ ശക്തമായ മിന്നലിനും കാറ്റിനും സാധ്യത: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്രമായി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.[www.malabarflash.com]

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

വ്യാഴാഴ്ച വരെ ശക്തമായ ഇടിമിന്നലും 40 കി.മീ വരെ വേഗതയുള്ള കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

അതേ സമയം കഴിഞ്ഞദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്രമായി. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് ഒഡിഷയില്‍ നിന്ന് 960 കിലോമീറ്ററും പശ്ചിമബംഗാളില്‍ നിന്ന് 1110 കിലോമീറ്ററും അകലെയായാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. 

അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഉംപുന്‍ ബുധനാഴ്ച ഉച്ചയോടെ പശ്ചിമബംഗാളിന്റെയും ബഗ്ലാദേശിന്റെയും തീരപ്രദേശം കടന്നുപോകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.
ഒഡിഷയുടെയും പശ്ചിമബംഗാളിന്റെയും തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ ബുധനാഴ്ച കാറ്റിന്റെ വേഗത 155 കി.മീ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച  രാവിലെ മുതല്‍ കാറ്റിന്റെ വേഗത 200 കി.മീ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വരെ ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ഉംപുനിന്റെ സ്വാധീനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ മറ്റുഭാഗങ്ങളിലും കാലവര്‍ഷം പ്രവേശിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്നാണ് വിലയിരുത്തല്‍.

Post a Comment

0 Comments