NEWS UPDATE

6/recent/ticker-posts

ലോക്ഡൗൺ; പൊതുമാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ

തിരുവന്തപുരം: മെയ് 31 വരെ കേന്ദ്രസർക്കാർ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതുമാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ചില നിയന്ത്രണങ്ങൾ വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.[www.malabarflash.com]

 സ്കൂൾ, കോളജ്, ട്രെയിനിങ് സെന്റർ ഇവയൊന്നും അനുവദിക്കില്ല. ഓൺലൈൻ, വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോൽസാഹിപ്പിക്കും. നിബന്ധനകളോടെ അനുവദിക്കുന്ന കാര്യങ്ങൾ– ജില്ലയ്ക്ക് അകത്ത് പൊതുഗതാഗതം, സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം യാത്രക്കാർ മാത്രമാകണം, നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് തടസ്സമുണ്ടാകില്ല.

അന്തർ ജില്ലാ യാത്രകളിൽ പൊതുഗതാഗതം ഉണ്ടാകില്ല. അല്ലാത്ത യാത്രകൾ ആകാം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയായിരിക്കും ഇത്. ഇതിന് പാസ് ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് മതി. കോവിഡ് 19 നിർവ്യാപന പ്രവ‌‌‍‍‌ൃത്തിയിലുള്ളവർ, അവശ്യസർവീസിലുള്ള സർക്കാർ ജീവനക്കാർ ഇവർക്ക് യാത്ര ചെയ്യാൻ സമയ പരിധി ഇല്ല. ഇലക്ട്രീഷ്യന്‍മാർ, ടെക്നീഷ്യൻമാർ എന്നിവർ ട്രേഡ് ലൈസൻസ് കരുതണം.

സമീപത്തല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യത്തിന് യാത്ര ചെയ്യുന്നതിന് പോലീസ് സ്റ്റേഷനിൽനിന്നോ, കലക്ടറിൽനിന്നോ അനുമതി വേണം. ജോലി ആവശ്യത്തിന് സ്ഥിരമായി ദൂരമുള്ള ജില്ലകളിലേക്ക് പോകുന്നവർ പ്രത്യേക യാത്രാ പാസ് കലക്ടറിൽനിന്നോ പോലീസ് മേധാവിയിൽനിന്നോ നേടണം.

പക്ഷേ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവേശനത്തിന് കൂടുതൽ ശക്തമായ നിരീക്ഷണം ഉണ്ടാകും. അനുവദനീയമായ പ്രവൃത്തികൾക്കു പുറമേ ഒറ്റപ്പെട്ട വിദ്യാർഥികൾ, ബന്ധുക്കൾ ഇവരെ കൂട്ടിക്കൊണ്ടുവരുന്നതിനും വീടുകളിൽ പോകുന്നതിനും ജോലി സ്ഥലത്ത് കുടുങ്ങിയവർ വീടുകളിൽ പോകുന്നതിനും അനുമതി നൽകും. മറ്റ് അടിയന്തര ആവശ്യങ്ങൾക്കും അനുമതി നൽകും. സ്വകാര്യവാഹനങ്ങള്‍, ടാക്സി ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടു പേർ വരെ ആകാം, കുടുംബമാണെങ്കിൽ മൂന്നു പേർ. ഓട്ടോറിക്ഷകളിൽ ഡ്രൈവര്‍ക്കു പുറമേ ഒരാൾ, കുടുംബമാണെങ്കിൽ മൂന്ന് പേർ ആകാം.

ഇരു ചക്രവാഹനങ്ങളിൽ സാധാരണ നിലയിൽ ഒരാളും കുടുംബാംഗമാണെങ്കിൽ പിൻസീറ്റ് യാത്രയും അനുവദിക്കും. ആരോഗ്യകാരണങ്ങൾ ഉൾപ്പെടെയുള്ള യാത്രകൾക്ക് ഇളവ് അനുവദിക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിക്കണം.

വിവിധ സോണുകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലേക്കും അതിനു പുറത്തേക്കും യാത്ര അനുവദിക്കില്ല. അടിയന്തര ഘട്ടത്തിൽ ഇത്തരം യാത്ര നടത്തുന്നവർ എത്തിച്ചേരുന്ന ഇടത്ത് 14 ദിവസം ഹോം ക്വാറന്റീനോ, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനോ പോകണം. മാർഗനിർദേശം അനുസരിച്ച് അനുവദനീയമായ യാത്രകൾക്ക് ഇതു ബാധകമല്ല. അനുവദനീയമല്ലാത്ത രാത്രി യാത്രകള്‍ ഒഴിവാക്കണം.

65 വയസ്സിന് മുകളിൽ പ്രായമുള്ളവർ,. തുടർരോഗമുള്ളവർസ ഗർഭിണികൾ, പത്ത് വയസ്സിന് താഴെ പ്രായമുള്ളവർ, അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കൊഴികെ ഇത്തരക്കാരെല്ലാം വീടുകളിൽ കഴിയണം.

വാണിജ്യ സ്ഥാപനങ്ങളും മറ്റു വ്യാപാര സ്ഥാപനങ്ങളും എന്നിവയിൽ മാളുകൾക്ക് പ്രവർത്തിക്കാനാകില്ല. ചില ഷോപ്പിങ് കോംപ്ലക്സുകളിൽ 50 ശതമാനം കടകൾക്ക് ഒരു ദിവസം തുറന്നു പ്രവർത്തിക്കാം. ആ വ്യവസ്ഥയിലാണ് അനുമതി നൽകിയത്. ഏതു ദിവസം ഏതു കട തുറക്കണമെന്ന് ഷോപ്പിങ് കോംപ്ലക്സിലെ കൂട്ടായ്മ തദ്ദേശ സ്ഥാപനവുമായി ചർച്ച നടത്തി തീരുമാനിക്കാം.

എസി ഒഴിവാക്കി ബാർബർ ഷോപ്, ബ്യൂട്ടി പാർലർ എന്നിവ ഹെയർ കട്ടിങ്, ഹെയർ ഡ്രസിങ്, ഷേവിങ് എന്നിവയ്ക്കു വേണ്ടി മാത്രം പ്രവർത്തിക്കാം. ഒരു സമയം രണ്ടു പേരിൽ കൂടുതൽ കാത്തുനിൽക്കരുത്. കസ്റ്റമര്‍‌ തന്നെ ടവൽ കൊണ്ടുവരുന്നതാണ് നല്ലത്. ഫോണിൽ അപ്പോയിന്‍മെന്റ് എടുക്കുന്നത് പ്രോൽസാഹിപ്പിക്കണം. റസ്റ്ററന്റ് ടേക് എവേ കൗണ്ടറുകൾ രാത്രി 9 മണിവരെ നടത്താം. പത്തു മണിവരെ ഓണ്‍ലൈൻ ഡോർ ഡെലിവറി അനുവദിക്കും.

ബവ്റിജസ് ഔട്​ലെറ്റുകൾ ഓണ്‍ലൈൻ ബുക്കിങ് സജ്ജമാക്കുന്ന മുറയ്ക്ക് നിബന്ധനകളോടെ പാർസലിനായി തുറക്കാം. ബാറുകളിൽ മദ്യ വിതരണം, ആഹാര വിതരണം എന്നിവയ്ക്കും ഈ നിബന്ധനകൾ ബാധകമാണ്. ഇത് നിലവിൽ വരുന്നതു മുതൽ ക്ലബുകളിൽ അഞ്ച് അംഗങ്ങളില്‍ കൂടുതൽ പേർ ഒരു സമയം വരില്ല എന്ന നിബന്ധനയിൽ മദ്യവും ആഹാരവും നൽകാം. ഷാപ്പുകളിൽ നിലവിലെ വ്യവസ്ഥകളിൽ കള്ളും ഭക്ഷണവും നല്‍കാം.

സർക്കാർ ഓഫിസുകളിൽ എല്ലാ വിഭാഗം ജീവനക്കാരും 50 ശതമാനം പേർ ഹാജരാകണം. ശേഷിക്കുന്നവര്‍ വീടുകളിൽനിന്ന് ജോലി ചെയ്യണം. ആവശ്യമെങ്കിൽ മേലുദ്യോഗസ്ഥരുടെ നിർദേശത്തിൽ ഓഫിസിലെത്തണം. സേവനം നൽകാൻ ആവശ്യമായ ജീവനക്കാരെ വിന്യസിക്കണം. ശനിയാഴ്ച സര്‍ക്കാർ ഓഫിസുകൾ അവധിയായിരിക്കും.

തൊട്ടടുത്ത ജില്ലകളിലേക്ക് ജീവനക്കാർ ഔദ്യോഗിക രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളിൽനിന്ന് സ്ഥിരമായി ഓഫിസിലേക്ക് യാത്ര ചെയ്യുന്നവർ മേലധികാരിയുടെ സാക്ഷ്യപത്രം കരുതണം. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഓഫിസുകളിൽ എത്താൻ സാധിക്കാത്തവർ‌ രണ്ട് ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലെത്തണം. ഇപ്രകാരം യാത്ര ചെയ്യാനാകാത്തവർ അതത് ജില്ലാ കലക്ടറുടെ മുന്നിൽ ഹാജരാകണം. കലക്ടർ കോവിഡ് 19 നിർവ്യാപന പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളിലോ കലക്ടറേറ്റിലോ അവരുടെ സേവനം ഉപയോഗിക്കണം.

പരീക്ഷാ നടത്തിപ്പിന് മുന്നൊരുക്കം നടത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം പ്രവർത്തിക്കാം. ശനിയാഴ്ച ഒഴിവ് ബാധകമല്ല.

കേന്ദ്രസർക്കാർ ഓഫിസുകൾ അവരുടെ നിബന്ധന പ്രകാരം പ്രവർത്തിക്കും. വിവാഹചടങ്ങുകൾ പരമാവധി 50 പേരെ വച്ചും അനുബന്ധ ചടങ്ങുകൾ 10 പേരെ വച്ചും നടത്താം. മരണാനന്തര ചടങ്ങുകൾ 20 പേരെ വച്ച് നടത്താം.

വർക്കിങ് മെൻ, വുമണ്‍ ഹോസ്റ്റലുകളുടെ സുഗമമായ പ്രവർത്തനം സ്ഥാപന മേധാവികൾ ഉറപ്പാക്കണം. ബ്രേക് ദ് ചെയ്ൻ ക്യാംപെയ്ൻ പ്രവൃത്തികൾ ഊർജിതമായി നടത്തണം. കടകളിലും ബാർബർ ഷോപ്പുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ ഉറപ്പാക്കണം. ചൊവ്വാഴ്ച  എല്ലാവരും സ്ഥാപനം തുറന്ന് ശുചിയാക്കുക, ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുക. കൃത്യമായ ശാരീരിക അകലം പാലിച്ച് മാത്രമേ ഇതു നടത്താൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments