NEWS UPDATE

6/recent/ticker-posts

കോവിഡ് പോരാളികൾക്ക് സേനയുടെ ആദരം; രാജ്യത്തിന്റെ സല്യൂട്ട്, ആശുപത്രികൾക്കു മീതെ പുഷ്‌പവൃഷ്‌ടി

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരായ യുദ്ധത്തിൽ രാജ്യത്തിന്റെ അഭിമാനമായ ലക്ഷക്കണക്കിന് മുന്നണിപ്പോരാളികൾക്ക് സായുധ സേനകൾ ഞയറാഴ്ച  കരയിലും കടലിലും ആകാശത്തും സ്നേഹാദരങ്ങളുടെ പൂമഴ തൂകി.[www.malabarflash.com]

രാജ്യമെമ്പാടും സൈനിക വിമാനങ്ങൾ നഗരങ്ങൾക്കു മീതേ ഫ്ലൈ പാസ്റ്റ് നടത്തി. ഹെലികോപ്റ്ററുകൾ ആശുപത്രികൾക്കു മീതെ പുഷ്‌പങ്ങൾ വർഷിച്ചു. നാവിക സേനാ കപ്പലുകളിൽ മനുഷ്യച്ചങ്ങലയും ദീപാലങ്കാരവും കരിമരുന്നു പ്രയോഗവും അരങ്ങേറി. 

പ്രധാന ആശുപത്രികൾക്കു മുന്നിൽ കരസേനയുടെ ബാൻഡ് സംഘങ്ങൾ സംഗീതമുതിർത്തു. സൈനികചരിത്രത്തിലെ തന്നെ അസാധാരണവും വൈകാരിവുമായൊരു ആദരസമർപ്പണത്തിന് രാജ്യം വേദിയാവുകയായിരുന്നു.

കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സേനാ ഹെലികോപ്റ്ററുകൾ പുഷ്പങ്ങൾ വർഷിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും വ്യോമ,​ നാവിക സേനകളുടെ വിവിധ പരിപാടികളും നടന്നു. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകരും ശുചീകരണത്തൊഴിലാളികളും പൊലീസും ഉൾപ്പെടുന്ന 'കൊറോണ പോരാളികളെ'യാണ് സേനകൾ രാജ്യത്തിന്റെയാകെ അഭിമാനമുണ‌ർത്തി ആദരിച്ചത്.
കാശ്മീർ മുതൽ കന്യാകുമാരി വരെ വിമാനങ്ങൾ 'കൊറോണ പോരാളികളെ' സല്യൂട്ട് ചെയ്‌തു. താണുപറന്ന കോപ്റ്ററുകൾ ആശുപത്രികൾക്കു മീതെ പൂക്കൾ വർഷിച്ചപ്പോൾ യൂണിഫോമും മാസ്‌കും ധരിച്ച ഡോക്ടർമാർ‌ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങി നിന്ന് പ്രത്യഭിവാദ്യം ചെയ്‌ത് ആഹ്ലാദം പ്രകടിപ്പിച്ചു.
ഡൽഹിയിൽ സുഖോയ് - 30, മിഗ് -29, ജാഗ്വാർ തുടങ്ങിയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആദ്യം രാജ്പഥിനു മീതെ പറന്നു. പിന്നീട് തലസ്ഥാന മേഖലയ്‌ക്കു മീതെ വട്ടംചുറ്റി. റാം മനോഹർ ലോഹ്യ ആശുപത്രി,​സർ ഗംഗാറാം ആശുപത്രി,​ ദീൻദയാൽ ഉപാദ്ധ്യായ ആശുപത്രി,​ രാജീവ്ഗാന്ധി സൂപ്പ‌ർ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയ്‌ക്കു മീതെ ഹെലികോപ്റ്റർ‌ പുഷ്പവൃഷ്‌ടി നടത്തി. 

രാവിലെ 11 മണി മുതൽ അരമണിക്കൂർ വിമാനങ്ങൾ പറന്നു. ട്രാൻസ്പോർട്ട് വിമാനമായ സി-130 പ്രത്യേകമായും ഫ്ലൈ പാസ്റ്റ് നടത്തി.
രാജ്യത്താകെ ലോക്ക് ഡൗൺ നടപ്പാക്കാൻ കഠിനാദ്ധ്വാനം നടത്തുന്ന പോലീസ് സേനയെ ആദരിക്കാൻ ഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു കൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയത്. 
സ്‌മാരകത്തിൽ ഒരു കോപ്റ്റർ പുഷ്പവൃഷ്‌ടി നടത്തുകയും ചെയ്‌തു.
മുംബയ്,​ ജയ്‌പൂർ,​ അഹമ്മദാബാദ്,​ ഗോഹട്ടി,​ ഷില്ലോങ്,​ പാറ്റ്ന,​ ലക്‌നൗ,​ ശ്രീനഗർ,​ ചണ്ഡിഗഢ്,​ ഭോപ്പാൽ,​ ഹൈദരാബാദ്,​ ബംഗളുരു,​ കോയമ്പത്തൂർ,​ തിരുവനന്തപുരം തുടങ്ങിയ നിരവധി നഗരങ്ങളിലും വ്യോമസേനാ വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റ് നടന്നു. ഈ നഗരങ്ങളിലെല്ലാം കോവിഡ് ആശുപത്രികൾക്കു മീതേ കോപ്റ്ററുകൾ പൂക്കൾ വർഷിച്ചു. കരസേനയുടെ ബാൻഡ് പ്രകടനവും നടന്നു.
സന്ധ്യയ്‌ക്ക് പശ്‌ചിമ,​ പൂർവ നാവിക കമാൻഡുകൾ പ്രമുഖ തുറമുഖങ്ങളിൽ നങ്കൂരമിട്ട നിരവധി കപ്പലുകൾ ദീപങ്ങളാൽ അലങ്കരിച്ച് ആദരവു പ്രകടിപ്പിച്ചു. യുദ്ധക്കപ്പലുകളിൽ നാവികർ മനുഷ്യച്ചങ്ങലകൾ തീർത്തു.
കോവിഡ് പോരാളികളെ രാജ്യം ആദരിക്കുന്ന മൂന്നാമത്തെ ചടങ്ങാണ് ഇത്. 

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ആദ്യം ജനങ്ങൾ കൈയടിച്ചും പാത്രങ്ങൾ തട്ടിയും രണ്ടാമത് വൈദ്യുതി വിളക്കുകൾ അണച്ച് ദീപങ്ങൾ തെളിച്ചും ആദരവറിയിച്ചിരുന്നു. 'കൊറോണ പോരാളികളെ' ആദരിക്കാൻ മൂന്നു സേനകളും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments