NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്‌ച  40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർക്ക് ഫലം നെഗറ്റീവായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം.[www.malabarflash.com]

രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. തമിഴ്നാട് 5, തെലങ്കാന 1, ഡൽഹി 3, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നായി ഓരോരുത്തർ വീതവും. വിദേശത്തുനിന്ന് വന്ന 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം വന്നു. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം.

ചൊവ്വാഴ്ച  വരെ കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച മലയാളികൾ 173 പേരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ആകെ 81 ഹോട്സ്പോട്ടുകൾ‌ ഉണ്ട്. ബുധനാഴ്‌ച പുതതായി 13 എണ്ണം കൂടിയുണ്ടായി. പാലക്കാട് 10, തിരുവനന്തപുരം മൂന്ന്.

എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളുമായി ബുധനാഴ്‌ച വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയെന്നും. ഒന്നിച്ചു നീങ്ങണമെന്ന പൊതുഅഭിപ്രായം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളിൽ കക്ഷിനേതാക്കൾ മതിപ്പ് പ്രകടിപ്പിച്ചു. എല്ലാവിധ പിന്തുണയും ഇവർ അറിയിച്ചു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി. 445 പേര്‍ ചികിൽസയിലുണ്ട്. 1,07,832 പേർ നിരീക്ഷണത്തിലുണ്ട്. 1,06,940 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 892 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ബുധനാഴ്‌ച 229 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 58,866 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 56,558 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

വരാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും. ഒരു ക്രമീകരണവുമില്ലാതെ ആളുകൾ ഒന്നിച്ചു വന്നാൽ രോഗവ്യാപനം തടയാൻ സാധിക്കില്ല. ആസൂത്രണത്തോടെയും ചിട്ടയോടെയും പുറത്തുനിന്നുവരുന്നവരെ ക്വാറന്റീനിലേക്ക് അയയ്ക്കും. വരുന്ന എല്ലാവരുടെയും വിവരങ്ങൾ മുൻകൂട്ടി ലഭിക്കണം. അതിനായി അവർ സർക്കാർ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അതിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല.

ക്വാറന്റീൻ സൗകര്യമില്ലാത്തവരെ സർക്കാർ ക്വാറന്റീനിലേക്ക് അയയ്ക്കും. ക്രമീകരണം നിഷ്കർഷിക്കുന്നതിനെ ചിലർ തെറ്റിദ്ധരിക്കുന്നു. അതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. വിദേശത്തുനിന്നു വരുന്നവരുടെ ക്വാറന്റീൻ ചാർജ് ഈടാക്കാൻ തീരുമാനിച്ചതും ആശയക്കുഴപ്പം ഉണ്ടാക്കി.

തുക താങ്ങാൻ കഴിയുന്നവരിൽനിന്നും തുക ഈടാക്കും. അല്ലാത്തവരെ ഒഴിവാക്കും. വിദേശത്തുള്ള സംഘടനകൾ ഫ്ലൈറ്റ് ചാർട്ട് ചെയ്തു വരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങൾ നടത്താനാകൂ.

ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കാര്യങ്ങൾ മെച്ചപ്പെട്ടശേഷം ഇതു പരിഗണിക്കും. ആരാധനാലയം ആകുമ്പോൾ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ സാധിക്കാതെ വരും.

സ്രവ പരിശോധയുടെ ആദ്യ ഘട്ടത്തിൽ ആവശ്യത്തിനു കിറ്റ് ഇല്ലായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ 3000 വീതം ടെസ്റ്റ് നടത്തും.

മഴക്കാല രോഗം തടയുന്നതിനു വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി നടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകൾ പാലിക്കുന്നതിനും ഓരോ പാർട്ടിയും പ്രത്യേകം ശ്രദ്ധിക്കണം.

ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. മാസ്ക് ധരിക്കാത്ത 3200 കേസുകൾ റജിസ്റ്റർ ചെയ്തു. 38 പേർക്കെതിരെ ക്വാറന്റീൻ ലംഘനത്തിനു കേസെടുത്തിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് മെച്ചപ്പെട്ട ഹോം ക്വറന്റീൻ നടപ്പാക്കുന്നു. 453 കേസാണ് ഹോംക്വാറന്റീൻ ലംഘിച്ചതിന് റജിസ്റ്റർ ചെയ്തത്.

താമരശേരി താലൂക്കിൽ നടത്തിയ ഓൺലൈൻ അദാലത്ത് വിജയമായി. എല്ലാ ജില്ലകളിലും ഓരോ താലൂക്കിലും ഈ രീതിയിൽ അദാലത്ത് നടത്തും. മറ്റു ജില്ലകളിൽ ജോലിക്കെത്താൻ സാധിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ കലക്ടറേറ്റിൽ അറിയിക്കണം.

അവരെ കോവിഡ് നിർവ്യാപനപ്രവർത്തനത്തിന് അതാതു ജില്ലകളിൽ നിയോഗിക്കും. കുടുംബാഗത്തിനുണ്ടാകുന്ന രോഗം മറ്റു അംഗങ്ങൾക്കും പകരുന്നു. രോഗവ്യാപന സാധ്യതയുള്ളവർ ആവശ്യമായ മുൻകരുതലെടുക്കുണം. കുടുംബ വ്യാപനം എന്നു വിളിക്കേണ്ടതില്ല. ഹോംക്വാറന്റീൻ എന്നത് റൂം ക്വാറന്റീൻ ആയി മാറണം.

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയെടുക്കും. സന്നദ്ധ പ്രവർത്തകരെ പോലീസ് വൊളന്റിയർമാരായി നിയമിക്കുന്നത് നാളെ നടപ്പിൽ വരും.
ഹോംക്വാറന്റീൻ ലംഘനം, കണ്ടയ്ൻമെന്റ് മേഖലയിലെ സേവനം എന്നിവയ്ക്ക് ഇവരെ ഉപയോഗപ്പെടുത്തും.

ആരോഗ്യപ്രവർത്തകർക്കു രോഗബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുക്കും. പിപിഇ കിറ്റ് ലഭ്യമാക്കാൻ സ്പോൺസർഷിപ്പ് തേടാം. മദ്യവിൽപ്പനശാലകൾക്കു മുന്നിൽ പോലീസിനെ നിയോഗിക്കും. വസ്ത്രവ്യാപാര ശാലകളിൽ എത്തുന്നവർ ട്രയൽ നടത്താൻ പാടില്ല. ഒരാൾ ഇട്ടുനോക്കിയ വസ്ത്രം മറ്റൊരാൾ ഇട്ടുനോക്കാൻ പാടില്ല. പല തസ്തികകളിൽ ഉള്ളവർ മേയ് 31ന് വിരമിക്കും. യാത്രയയപ്പ് പരിപാടികൾ പരിമിതപ്പെടുത്തണം.

Post a Comment

0 Comments