NEWS UPDATE

6/recent/ticker-posts

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം പരിയാരത്ത് സംസ്കരിക്കും

കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം പരിയാരത്ത് തന്നെ സംസ്കരിക്കാൻ തീരുമാനിച്ചു. പരിയാരം മെഡിക്കൽ കോളേജിന് സമീപം കോരൻപീടിക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കാനാണ് തീരുമാനം. വീട്ടുകാരുമായി ജില്ലാ ഭരണകൂടം നടത്തിയ ചർച്ചയെ തുടർന്നാണിത്.[www.malabarflash.com]

അതേസമയം മരിച്ച മഹ്റൂഫിന് സ്വകാര്യ ആശുപത്രിയിൽ നിന്നാണോ വൈറസ് ബാധയേറ്റതെന്ന് അന്വേഷിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയുടെ വീഴ്ച സംബന്ധിച്ച് ജില്ലാ കളക്ടർ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ ഡോ നാരായണ നായിക്  സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഡോക്ടരും നേഴ്സുമാരടക്കം മുപ്പത് പേരുടെ സ്രവപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മഹറൂഫ് കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ ഐസിയു മുറിയിൽ നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയും ഉണ്ടായിരുന്നുവെന്നാണ് സംശയം ഉയർന്നത്. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ഇരുവരും ഒരേ ഐസിയുവിൽ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചെറുവാഞ്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് മഹ്റൂഫിന്റെ സ്രവം പരിശോധിച്ചത്.

നാല് ദിവസമായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് ശനിയാഴ്ച  മരിച്ചത്. 71 വയസായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 7.15 ഓടെയാണ് മരണം.

മാർച്ച് 26 ന് പനി ബാധിച്ചാണ് ഇദ്ദേഹത്തെ തലശേരിയിലെ ടെലി സെന്ററിലേക്ക് കൊണ്ടുപോയത്. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. 30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ മിംസ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ വച്ച് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററിൽ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

മാഹിയിൽ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗൺ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാൽ ആർക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരിൽ ഇതുവരെ 65 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

Post a Comment

0 Comments