NEWS UPDATE

6/recent/ticker-posts

കർണാടക അതിർത്തിയിൽ നടുറോഡിൽ മണ്ണിട്ട് ഗതാഗതം തടഞ്ഞ് പോലീസ്

മുള്ളേരിയ: കോവിഡ് വ്യാപനം തടയാൻ അതിർത്തിയിൽ കർണാടക നിയന്ത്രണം കടുപ്പിച്ചതോടെ നട്ടംതിരിഞ്ഞ് ദേലംപാടി. ദേലംപാടി വില്ലേജിലെ പരപ്പ ഒഴികെയുള്ള പ്രദേശങ്ങളിലുള്ളവരാണു കർണാടകയുടെ വഴിയടക്കൽ കാരണം ദുരിതത്തിലായത്.[www.malabarflash.com]

ജില്ലയുടെ ഏറ്റവും അറ്റത്തുള്ള ദേലംപാടി വില്ലേജിലേക്ക് കേരളത്തിന്റെ ഒറ്റ റോഡ് മാത്രമേയുള്ളൂ. പരപ്പ വനത്തിലൂടെയുള്ള ആ റോഡ് ടാറിങ് ചെയ്യാത്തതിനാൽ ഗതാഗതം ദുസ്സഹമാണ്. കർണാടകയിലൂടെ കടന്നുപോകുന്ന ദേലംപാടി - ഈശ്വരമംഗല, മഡ്യളമജലു - നൂജിബെട്ടു, കൊമ്പോട് - പഞ്ചോടി, ദേലംപാടി - മയ്യള, കൊട്ട്യാടി - പള്ളത്തൂർ - ഈശ്വരമംഗല, കർണൂർ - ഗാളിമുഖ തുടങ്ങിയ റോഡ‍ുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്.

എന്നാൽ കോവിഡ് ഭീതിയിൽ ഈ റോഡുകളെല്ലാം കർണാടക പോലീസും ആരോഗ്യവകുപ്പും ചേർന്ന് അടച്ചു. കർശന പരിശോധനയുമാണ് കർണാടക നടത്തുന്നത്. ദേലംപാടി - മയ്യള, മഡ്യള മജലു - നൂജിബെട്ടു റോഡുകളിൽ ടിപ്പർ ലോറികളിൽ മണ്ണ് കൊണ്ടു വന്നിട്ടാണ് തടസ്സപ്പെടുത്തിയിരിക്കുന്നത്. 
കാൽനട യാത്ര പോലും കർണാടക പ്രോത്സാഹിപ്പിക്കുന്നില്ല. 

ദേലംപാടി പഞ്ചായത്തിലെ 3 വാർഡുകളും 2 വാർഡുകളുടെ പകുതിയും ഉൾപ്പെടുന്ന വലിയ പ്രദേശമാണിത്. ആയിരത്തോളം വീടുകളുണ്ട്. ഇനി ഇവർക്കു പുറം ലോകവുമായി ബന്ധപ്പെടാൻ വനത്തിലൂടെയുള്ള തകർന്ന റോഡ് മാത്രമാണുള്ളത്. കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ അതിലൂടെ പോകാൻ ബുദ്ധിമുട്ടുകയാണ്. ‌വിദേശങ്ങളിൽ നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിലുള്ള ഒട്ടേറെ പേർ ഈ പ്രദേശങ്ങളിലുണ്ട്. കർണാടകയിലെ ഈശ്വരമംഗല, പുത്തൂർ ടൗണുകളിലെത്തിയാണ് ഇവർ നേരത്തെ ആവശ്യങ്ങ‍ൾ നടത്തിയിരുന്നത്.

കിടത്തി ചികിത്സയുള്ള ഒരു ആശുപത്രിയിലേക്ക് പോകണമെങ്കിൽ ഇവർക്കു കാസർകോട് തന്നെ എത്തണം. ഇവിടേക്ക് 50 കിലോമീറ്ററിൽ അധികം ദൂരമുണ്ട്. ‌രാത്രി അസുഖം കൂടിയാൽ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലാണിപ്പോൾ ഈ ഭാഗത്തുള്ളവർ. ആംബുലൻസിനും വനം റോഡിലൂടെ പോകാൻ കഴിയില്ല. ഇവിടെ താമസിക്കുന്നവരുടെ ബന്ധുക്കൾ അധികവും കർണാടകയിലാണ്. സംസ്ഥാനാന്തര പാതയിലെ ഗാളിമുഖത്തും മുരൂരിലും റോഡ് അടച്ചതിനു പുറമെയാണ് ഗ്രാമീണ പാതകൾ പോലും കർണാടക മണ്ണിട്ട് തടഞ്ഞത്. പരപ്പ വനത്തിലൂടെയുള്ള റോഡ് യഥാസമയം നന്നാക്കിയിരുന്നെങ്കിൽ ഇവർക്ക് കുറച്ചെങ്കിലും ആശ്വാസം ഉണ്ടിയിരുന്നേനെ.

Post a Comment

0 Comments