Top News

വെറുതെ നിരത്തിലിറങ്ങുന്നവര്‍ക്ക് ചൂരല്‍ കഷായത്തിന് പകരം ഇമ്പോസിഷന്‍ എഴുതിച്ച് പോലീസ്

വടകര: ലോക്ക് ഡൗണ്‍ മറികടന്ന് വെറുതെ നിരത്തിലിറങ്ങുന്നവര്‍ക്ക് ചൂരല്‍ കഷായത്തിന് പകരം ഇമ്പോസിഷന്‍ എഴുതിച്ച് പോലീസ്. വടകര റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വാഹനം വിട്ടുകിട്ടാന്‍ പിഴനല്‍കുന്നതിനൊപ്പം എഴുത്ത് പരീക്ഷ കൂടി പൂര്‍ത്തിയാക്കേണ്ടത്.[www.malabarflash.com]

ഇരുപത്തി ഒന്ന് ദിവസം അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഇരുപത്തി ഒന്ന് തവണയാണ് പലരും എഴുതിനല്‍കിയത്.
ഇത് പരീക്ഷയല്ല. വെറുതെ റോഡിലെ കാഴ്ച കാണാനിറങ്ങിയവര്‍ക്കുള്ള നല്ല നടപ്പാണ്. പിഴയൊടുക്കുന്നതിനൊപ്പം അച്ചടക്കത്തോടെ പരീക്ഷയുമെഴുതണം. എങ്കിലേ വാഹനം തിരികെ കിട്ടൂ. 

ഞാന്‍ നിരോധനം തീരുന്നത് വരെ ഇരുപത്തി ഒന്ന് ദിവസം അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്നാണ് എഴുതി വാങ്ങിയത്. പ്രാകൃതമായ ശിക്ഷാനടപടികള്‍ പൂര്‍ണമായും ഒഴിവാക്കി നല്ല നടപ്പിനുള്ള വഴിയൊരുക്കണമെന്ന നിര്‍ദേശമാണ് പ്രധാനമായും റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടപ്പാക്കുന്നത്. 

പേപ്പറില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട. എഴുതാനുള്ളത് പോലീസ് കൈമാറും. പിഴയൊടുക്കാതെ പോകാന്‍ അനുവദിക്കുന്ന വാഹന ഉടമകളും ആവര്‍ത്തിക്കില്ലെന്നത് എഴുതിനല്‍കണമെന്ന കാര്യത്തില്‍ നിര്‍ബന്ധം.

എഴുത്ത് നിര്‍ബന്ധമെന്ന് അറിഞ്ഞതുകൊണ്ടാകാം വിശേഷം തിരക്കി റോഡിലിറങ്ങുന്ന വാഹനയാത്രികരുടെ എണ്ണത്തില്‍ കുറവുണ്ടായി. എഴുത്തുപേടി നിരത്തിലെ തിരക്കൊഴിവാക്കുമെന്ന് തന്നെയാണ് പോലീസ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post