Top News

പ്രവാസികളെ ലക്ഷ്യമാക്കി എടിഎം തട്ടിപ്പ്; കാസര്‍കോട് നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഗള്‍ഫ് നാടുകളില്‍ കഴിയുന്നവരുടെ ബന്ധുക്കളുടെ എടിഎം ഉപയോഗിച്ച് തട്ടിപ്പു നടത്തിയ നാലു പേര്‍ കാസര്‍കോട് അറസ്റ്റിലായി.[www.malabarflash.com] 

തമിഴ്‌നാട് തൃശിനാപ്പള്ളി തെന്നൂര്‍ ഇനാംദാര്‍തോപ്പ് സ്വദേശി പി ജയറാം (30), കണ്ണൂര്‍ മണക്കടവിലെ ആല്‍വിന്‍ കെവി (25), കോഴിക്കോട് സ്വദേശി അഖില്‍ ജോര്‍ജ് (27), കോട്ടയം രാമപുരം ഏഴച്ചേരിയിലെ എ എസ് സന്തു നെപോളിയന്‍ (21) എന്നിവരെയാണ് കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 

കാസര്‍കോട് വിജയ ബാങ്കിന്റെ എടിഎമ്മില്‍ തട്ടിപ്പ് നടത്താനൊരുങ്ങുമ്പോഴാണ് ഇവര്‍ അറസ്റ്റിലായത്. രഹസ്യവിരത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളായി പോലീസ് വലവിരിച്ചിരിക്കുകയായിരുന്നു.

കാനഡയിലുള്ള ബന്ധു നല്‍കുന്ന വിവിധ ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ കാര്‍ഡുണ്ടാക്കി പണം തട്ടുകയാണ് സംഘം ചെയ്തുവന്നിരുന്നത്. 

ജയറാമിന്റെ കാനഡയിലുള്ള ബന്ധു മദന്‍ കണ്ണന്‍ ആണ് വിവിധ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ജയറാമിന് കൈമാറിയത്. ഇതുപയോഗിച്ച് സംഘം വ്യാജ എ ടി എം കാര്‍ഡുകളുണ്ടാക്കും. ഇതുപയോഗിച്ച് നിരവധി പേരുടെ പണം സംഘം തട്ടിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

സംഘത്തിന്റെ പക്കല്‍ നിന്നും 17 ഓളം എ ടി എം കാര്‍ഡുകള്‍, ഒരു ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു സൈ്വപ്പിംഗ് മെഷീന്‍, 10,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ജയറാമിനെതിരെ തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ രണ്ടു കേസുകളുണ്ടെന്നും കര്‍ണാടകയിലും കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post