NEWS UPDATE

6/recent/ticker-posts

കോഴിക്കോട്, കാസർകോട് ജില്ലകളില്‍ നിരോധനാജ്ഞ

കാസര്‍കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.[www.malabarflash.com]

ഞായറാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് കാസര്‍കോട് കലക്ടര്‍ ഡി സജിത് ബാബു ഉത്തരവില്‍ പറയുന്നു.

എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും, അവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും ബാര്‍ബര്‍ ഷോപ്പുകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും പ്രവര്‍ത്തനം നിരോധിച്ചു. പൊതുഇടങ്ങളില്‍ കൂട്ടുകൂടാന്‍ പാടില്ല.

അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. എല്ലാ ആരാധനാലയങ്ങളും, ക്ലബുകളും, സിനിമാ തീയേറ്ററുകളും, പാര്‍ക്കുകളും, ബീച്ചുകളും അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ നിര്‍ദേശിച്ച രാവിലെ 11 മണി മുതല്‍ അഞ്ചു മണി വരെയുള്ള സമയത്ത് പാല്‍ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാകുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്.

കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് മാത്രമേ അത്തരം കടകള്‍ക്ക് മുന്നിലോ കടകള്‍ക്കുള്ളിലോ എത്തിച്ചേരാന്‍ പാടുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കും.

കോഴിക്കോട് ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതുപരിപാടികള്‍, ഉത്സവങ്ങള്‍, ആഘോഷ പരിപാടികള്‍, പരീക്ഷകള്‍, മതപരിപാടികള്‍, ആശുപത്രിസന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിയന്ത്രിച്ചുകൊണ്ടാണ് ഉത്തരവ്. ഒരിടത്തും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരരുത്. പ്രതിഷേധ പ്രകടനങ്ങള്‍ അടക്കം ആളു കൂടുന്ന എല്ലാ പരിപാടികളും വിലക്കിയിട്ടുണ്ട്.

ഇതു കൂടാതെ കൊറോണ വ്യാപനം തടയുന്നിതനുള്ള നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ആകെ പങ്കെടുക്കുന്നവര്‍ അമ്പതില്‍ അധികമാകരുത്. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments