NEWS UPDATE

6/recent/ticker-posts

ഇന്ത്യയെ തകര്‍ത്ത് ബംഗ്ലാദേശിന് കന്നികിരീടം

പൊച്ചഫ്ട്രൂം: യുവലോകകപ്പില്‍ ചരിത്രമെഴുതി ബംഗ്ലാദേശ്. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് അണ്ടര്‍-19 ലോകകപ്പ് കിരീടം നേടി.[www.malabarflash.com] 

ആദ്യമായാണ് ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ചാമ്പ്യന്‍മാരാകുന്നത്. 41-ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ മഴ പെയ്തതോടെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.ഈ ലക്ഷ്യം 23 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു.

178 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒരു വിക്കറ്റിന് 50 റണ്‍സെന്ന നിലയിലായിരുന്ന ബംഗ്ലാദേശ് നാല് വിക്കറ്റിന് 65 റണ്‍സെന്ന നിലയിലേക്ക് തകരുകയായിരുന്നു. ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയുടെ ബൗളിങ്ങിന് മുന്നില്‍ ബംഗ്ലാ ബാറ്റ്‌സ്മാന്‍ ഓരോരുത്തരായി ക്രീസ് വിട്ടു. 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ബിഷ്‌ണോയ് വീഴ്ത്തിയത്.

ഇതിനിടയില്‍ പരിക്കേറ്റ് ക്രീസ് വിട്ടിരുന്ന ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോണ്‍ തിരിച്ചത്തെയതോടെ ബംഗ്ലാദേശിന് വീണ്ടും പ്രതീക്ഷയായി. ക്യാപ്റ്റന്‍ അക്ബര്‍ അലിക്കൊപ്പം ഏഴാം വിക്കറ്റില്‍ മികച്ച രീതിയില്‍ മുന്നേറവേ യശ്വസി ജയ്‌സ്വാള്‍ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. 79 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 47 റണ്‍സാണ് ഇമോണ്‍ നേടിയത്.

പിന്നീട് അക്ബര്‍ അലിയും റകീബുല്‍ ഹസ്സനും വമ്പനടികള്‍ക്ക് മുതിരാതെ പ്രതിരോധിച്ചുകളിച്ച് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വിജയത്തിന്റെ ആദ്യപാഠം ക്ഷമയാണെന്ന് ഇരുവരും തെളിയിച്ചു. ക്യാപ്റ്റന്‍ കൂടിയായ അക്ബര്‍ അലി 77 പന്തില്‍ നാല് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെ 43 റണ്‍സ് നേടി. 25 പന്തില്‍ ഒമ്പത് റണ്‍സുമായി റകീബുല്‍ ഹസ്സന്‍ അക്ബറിനൊപ്പം പുറത്താകാതെ നിന്നു. വിജയിക്കാന്‍ 54 പന്തില്‍ 15 റണ്‍സ് എന്ന നിലയിലായപ്പോള്‍ മഴ പെയ്തു. മഴ മാറി കളി പുനരാരംഭിച്ചതോടെ വിജയലക്ഷ്യം 30 പന്തില്‍ ഏഴു റണ്‍സായി മാറി. ഇരുവരും ഇത് അനായാസം മറികടന്ന് ബംഗ്ലാദേശിന് ചരിത്രവിജയം സമ്മാനിച്ചു.

നേരത്തെ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 47.2 ഓവറില്‍ 177 റണ്‍സിന് എറിഞ്ഞിട്ടു. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 156 റണ്‍സ് എ്ന്ന മികച്ച നിലയിലായിരുന്ന ഇന്ത്യ 21 റണ്‍സെടുക്കുന്നതിനിടയില്‍ അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി.

മൂന്നു വിക്കറ്റെടുത്ത അവിശേക് ദാസും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ ശറഫുല്‍ ഇസ്ലാമും തന്‍സീം ഹസന്‍ സക്കീബും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു. 121 പന്തില്‍ എട്ടു ഫോറും ഒരു സിക്സും സഹിതം 88 റണ്‍സെടുത്ത യശ്വസി ജയ്സ്വാളൊഴികെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. ഈ ലോകകപ്പിലെ നാലാം അര്‍ധ സെഞ്ചുറിയാണ് യശ്വസി നേടിയത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ ഒരൊറ്റ റണ്‍ പോലും ഇന്ത്യക്ക് നേടാനായില്ല. ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലെത്തിയത് ഒമ്പത് റണ്‍സ് മാത്രമാണ്. ഇതിനിടയില്‍ ദിവ്യാന്‍ഷു സക്സേനയുടെ വിക്കറ്റും നഷ്ടമായി. 17 പന്തില്‍ രണ്ട് റണ്‍സാണ് ദിവ്യാന്‍ഷു നേടിയത്.

പിന്നീട് തിലക് വര്‍മയും യശ്വസി ജയ്സ്വാളും ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 65 പന്തില്‍ 38 റണ്‍സ് നേടിയ തിലക് വര്‍മയെ പുറത്താക്കി തന്‍സിം ഈ കൂട്ടുകെട്ട് പൊളിച്ചു.

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. അടുത്തത് യശ്വസിയുടെ ഊഴമായിരുന്നു. യശ്വസിയെ പുറത്താക്കിയ ഷരീഫുല്‍ ഇസ്ലാം അടുത്ത പന്തില്‍ സിധീഷ് വീറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നീട് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. 22 റണ്‍സെടുത്ത ധ്രുവ് ജുറെലും രണ്ട് റണ്ണെടുത്ത രവി ബിഷ്നോയിയും റണ്‍ഔട്ടായി. അഥര്‍വ അങ്കോല്‍ക്കര്‍ ബൗള്‍ഡായപ്പോള്‍ കാര്‍ത്തിക് ത്യാഗിയെ അവിശേക് ദാസ് പുറത്താക്കി. അവസാന ഊഴം സുശാന്ത് മിശ്രയുടേതായിരുന്നു. മൂന്നു റണ്‍സെടുത്ത സുശാന്തിനെ ശറഫുല്‍ ഇസ്ലാമിന്റെ കൈയിലെത്തിച്ച് തന്‍സീം ഹസന്‍ സാകിബ് ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഒരു റണ്ണുമായി ആകാശ് സിങ്ങ് പുറത്താകാതെ നിന്നു.

Post a Comment

0 Comments