NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്ര ഭരണി മഹോത്സവം 20 മുതൽ

ഉദുമ: ഉത്തരകേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭരണിമഹോത്സവത്തിന് ഫെബ്രുവരി 20 വ്യാഴാഴ്ച കൊടിയേറുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ  അറിയിച്ചു.[www.malabarflash.com]

രാത്രി ഒമ്പത് മണിക്ക് ക്ഷേത്രഭണ്ഡാരവീട്ടില്‍ നിന്ന് ദേവീദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ തിടമ്പുകളും ക്ഷേത്രത്തിലേക്ക് എഴുെന്നള്ളിക്കും. ചിറമ്മല്‍ വലിയ തറവാട്ടംഗമായ കെ.ഉദയന്‍ മാവിനകട്ട ക്ഷേത്രത്തിലെ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍ സ്ഥാനത്തേക്ക് കലശംകുളിച്ച് ആചാരമേല്‍ക്കും. 

20ന് സന്ധ്യക്ക് ക്ഷേത്ര ഭണ്ഡാരവീട്ടില്‍ വെച്ചാണ് ആചാരപ്രകാരമുള്ള കലശംകുളി ചടങ്ങ് നടക്കുന്നത്. രാത്രി 10മണിക്ക് ശുദ്ധികര്‍മ്മങ്ങള്‍, കലശാട്ട് തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ക്കു ശേഷം രാത്രി 12.30 മണിക്ക് കൊടിയേറ്റ ചടങ്ങും നടക്കും. തുടര്‍ന്ന് കരിപ്പോടി പ്രാദേശിക സമിതിയുടെയും കരിപ്പോടി പ്രദേശ് യു.എ.ഇ. കമ്മിറ്റിയുടെയും വകയായി ആചാരവെടിക്കെട്ട്.

 തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങിയ ശേഷം കല്‍പിച്ചുനല്‍കുന്ന ഓല, മുള, കയര്‍, ദീപത്തിന് എണ്ണ മുതലായ സാധനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം പ്രതീകാത്മകമായി ഭരണിമഹോത്സവത്തിന്റെ കൊടിയേറ്റചടങ്ങിന് ഉപയോഗിക്കും.

21ന് വെള്ളിയാഴ്ച ഭൂതബലി ഉത്സവം. അന്ന് ഉച്ചയ്ക്ക് 12.30 മണിമുതല്‍ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഖത്തര്‍ കമ്മിറ്റി വകയായി അന്നദാനം. ഉച്ചക്ക് ഒരു മണിക്ക് തെക്കേക്കര പ്രദേശത്തുള്ള കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം. രണ്ട് മണിക്ക് മാന്യങ്കോട് ശ്രീ ശാസ്താ വിഷ്ണുക്ഷേത്ര ഭജനസമിതി അവതരിപ്പിക്കുന്ന ഭജന, 4.00 മണിക്ക് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതി അവതരിപ്പിക്കുന്ന ലളിതാസഹസ്രനാമ പാരായണം, 6.30ന് സന്ധ്യാദീപം, കലശാട്ട്, രാത്രി 8.30മണിക്ക് ഭൂതബലിപ്പാട്ട്, 9.15മണിക്ക് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി, പുലര്‍ച്ചെ 4.30ന് ഭൂതബലി ഉത്സവം എന്നിവ നടക്കും.

22 ശനിയാഴ്ച താലപ്പൊലി ഉത്സവദിവസം രാവിലെ ഏഴ് മണിക്ക് ഉത്സവബലി, ഉച്ചയ്ക്ക് 12.30 മുതല്‍ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര പ്രാദേശിക സമിതികളുടെ സഹകരണത്തോടെ ഭരണ സമിതി വക അന്നദാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് അച്ചേരി ശ്രീ മഹാവിഷ്ണുക്ഷേത്ര ഭജനസമിതി അവതരിപ്പിക്കുന്ന ഭജന, വൈകുന്നേരം നാല് മണിക്ക് അച്ചേരി ശ്രീ മഹാവിഷ്ണുക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന ലളിതാസഹസ്രനാമ പാരായണം, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി എട്ട് മണിക്ക് പാലക്കുന്ന് ശ്രീ കഴകം ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി, രാത്രി 10.30ന് ഫസ്റ്റ് സ്റ്റെപ്പ് ഡാന്‍സ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'മിറാക്കിള്‍ നൈറ്റ് 2020' മെഗാ മ്യൂസിക് ഡാന്‍സ് നൈറ്റ്, പുലര്‍ച്ചെ 4.30ന് താലപ്പൊലി ഉത്സവം നടക്കും.

23 ഞായറാഴ്ചയാണ് പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവം. രാവിലെ ഏഴ് മണിക്ക് ഉത്സവബലി, ഉച്ചയ്ക്ക് 2.00 മണിക്ക് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന, വൈകുന്നേരം 4.00ന് തൃഷ്ണ, അമൃത , അനാമിക മനോഹരന്‍ എന്നിവരുടെ സംഗീതാര്‍ച്ചന, 5.00മണിക്ക് ലളിതാസഹസ്രനാമപാരായണം, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി എട്ട് മണിക്ക് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി, രാത്രി 11 ന്ഉദുമ പടിഞ്ഞാര്‍ക്കര, 11.45ന് കളനാട് പ്രദേശ്, 12.30ന് പള്ളിക്കര തണ്ണീര്‍പ്പുഴ, 1.15 ന് ഉദുമ പ്രദേശ് തിരുമുൽക്കാഴ്ച സമർപ്പണങ്ങൾ നടക്കും. 

കളനാട് പ്രദേശ് തിരുമുല്‍ക്കാഴ്ച വകയായി ഭണ്ഡാരവീട്ടിലെ പള്ളിയറയുടെ മുന്‍ഭാഗം പിച്ചളതകിട് പതിപ്പിച്ച് മോടി കൂട്ടുന്നു. ഉദുമ പ്രദേശ് തിരുമുല്‍ക്കാഴ്ച വകയായി അംബിക എ.എല്‍.പി.സ്‌കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ് റൂം സമര്‍പ്പിക്കും. കൂടാതെ പട്ടുകുടകളും ഇന്റാലിയത്തിന്റെ വലിയ പാത്രങ്ങളും കാഴ്ചയായി സമര്‍പ്പിക്കും.

പുലര്‍ച്ചെ 2.30ന് ഉത്സവബലി ആരംഭിക്കും. നാല് മണിയോടെ ആയിരത്തിരി എഴുന്നള്ളത്ത് ഭണ്ഡാരവീട്ടില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തില്‍ പ്രദക്ഷിണം ആരംഭിക്കും. ആയിരത്തിലധികം ദീപങ്ങള്‍ ആ സമയം ക്ഷേത്രത്തില്‍ പ്രകാശം ചൊരിയും.

ഫെബ്രുവരി 24 തിങ്കളാഴ്ച പുലര്‍ച്ചയോടെ കൊടിയിറങ്ങി ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ ഭരണിമഹോത്സവത്തിന് സമാപനമാകും.

ഉത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 23 വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ച വരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും പ്രത്യേക സര്‍വ്വീസ് നടത്തും. 

24 ന് മംഗലാപുരം-നാഗര്‍കോവില്‍ പരശുരാം എക്പ്രസ്സ്, മംഗലാപുരം -നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്ക് കോട്ടിക്കുളം റെയില്‍വെസ്റ്റേഷനില്‍ പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. സ്ഥിരമായി നിര്‍ത്തുന്ന മറ്റു ട്രെയിനുകള്‍ക്ക് പുറമെയാണിത്.

പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ഭരണിമഹോത്സവത്തിന്റെ ക്രമസമാധാനചുമതലകള്‍ക്കും മറ്റുമായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് ജില്ലാ പോലീസ് നേതൃത്വം തയ്യാറെടുത്തുകഴിഞ്ഞു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments