NEWS UPDATE

6/recent/ticker-posts

മാന്ദ്യത്തിനിടെ ഇരട്ട പ്രഹരം ; പാചക വാതക വില കുത്തനെ കൂട്ടി

ന്യൂഡൽഹി: ഡൽഹി നിയമസഭാതെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനു തൊട്ടുപിറകേ രാജ്യത്ത്‌ ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി. ഒറ്റയടിക്ക്‌ 146 രൂപയാണ്‌ വർധിപ്പിച്ചത്‌. ഇതോടെ സിലിണ്ടറിന്‌ 850 രൂപയായി.[www.malabarflash.com]

ആറുവർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണിത്‌. പുതിയ വില ബുധനാഴ്‌ച നിലവിൽവന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടെ ജനങ്ങൾക്ക്‌ ഇരട്ടിപ്രഹരമാകുകയാണ്‌ വർധന.

2014 ജനുവരിക്കുശേഷമുള്ള ഏറ്റവും വലിയ വർധനയാണ്‌ ഉണ്ടായത്‌. ഡൽഹിയിൽ 714 രൂപയായിരുന്ന 14.5 കിലോ സിലിണ്ടറിന്റെ വില 858.50 രൂപയായി. കൊൽക്കത്ത 896, മുംബൈ 829, ചെന്നൈ 881 എന്നിങ്ങനെയാണ്‌ മഹാനഗരങ്ങളിലെ വില. 

 ഇക്കഴിഞ്ഞ ആഗസ്‌തിനുശേഷം പാചകവാതക സിലിണ്ടറിന്‌ 284 രൂപയാണ്‌ വർധിച്ചത്‌. ആഗസ്‌തിൽ 574 രൂപയായിരുന്നു വില. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്‌ച 1241 രൂപയിൽനിന്ന്‌ 1466 രൂപയായി വർധിപ്പിച്ചിരുന്നു.

വില വർധനയ്‌ക്കനുസൃതമായി സബ്‌സിഡി നിരക്കുകളും വർധിപ്പിച്ചു. സബ്‌സിഡി പുതുക്കിയ വിലയ്‌ക്ക്‌ അനുസൃതമായി ഉപയോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടുകളിൽ ലഭിക്കുമെന്ന്‌ എണ്ണക്കമ്പനികൾ അറിയിച്ചു. 

സിലിണ്ടറിന്റെ വിലയിൽ ചുമത്തുന്ന ജിഎസ്‌ടി കണക്കാക്കുന്നത്‌ അടിസ്ഥാന വിലയ്‌ക്കു പകരം വിപണി വിലയ്‌ക്ക്‌ അനുസൃതമായാണ്‌. ഇക്കാരണത്താൽ, ഉപയോക്താവിന്‌ തിരികെ കിട്ടുന്ന സബ്‌സിഡിയിൽ 10 രൂപവരെ നഷ്‌ടമുണ്ടാകും. 

രാജ്യാന്തര വിപണിയിലെ പാചകവാതക വിലയും രൂപയുടെ വിദേശ വിനിമയ നിരക്കുമാണ്‌ രാജ്യത്തെ പാചകവാതക വില നിർണയത്തിന്റെ അടിസ്ഥാനം. ഇപ്പോഴത്തെ വിലവർധനയെ സാധൂകരിക്കുന്ന വില വ്യതിയാനം രാജ്യാന്തര വിപണിയിൽ ഇല്ല.

Post a Comment

0 Comments