NEWS UPDATE

6/recent/ticker-posts

സാഹോദര്യത്തിന്റെ പന്തലൊരുങ്ങി; അഞ്ജുവിനും ശരത്തിനും പള്ളിമുറ്റത്ത് താലികെട്ട്

കായംകുളം: പള്ളിമുറ്റത്തൊരുങ്ങിയ കല്ല്യാണ പന്തലിൽ ശരത്തിനും അഞ്ജുവിനും താലികെട്ട്. ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത്തുമാണ് ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളിയില്‍ തയ്യാറാക്കിയ കതിര്‍ മണ്ഡപത്തില്‍ വിവാഹിതരായത്.[www.malabarflash.com]

നിര്‍ധന കുടുംബാംഗമായ ബിന്ദുവിന്റെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ഹ്യദയാഘാതം വന്നാണ് മരിച്ചത്. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട അശോകന്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ബിന്ദു മറ്റു പോംവഴികളൊന്നുമില്ലാതെ വന്നതോടെയാണ് മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവര്‍ സന്തോഷപൂര്‍വ്വം അത് ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.

കായംകുളം ചേരാവള്ളി ക്ഷേത്രത്തിന് തെക്കുവശം വാടക വീടായ അമ്യതാഞ്ജലിയിലാണ് ബിന്ദുവും മൂന്നു മക്കളും താമസിക്കുന്നത്. ഇതിന് സമീപത്ത് തന്നെയാണ് ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയും. ബിന്ദുവിന്റെ മൂത്ത മകളാണ് അഞ്ജു. അഞ്ജുവിന് താഴെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണുള്ളത്.

പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിച്ചത്. ഇതിന് പുറമെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബേങ്കില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന് ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ നവദമ്പതികൾക്കും കുടുംബാംഗങ്ങള്‍ക്കും പള്ളി കമ്മിറ്റിക്കും ആസംസകൾ നേർന്നു. മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ കേരളം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയില്‍ രചിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറാന്‍ ഇവര്‍ നാടിനാകെ പ്രചോദനമാകുന്നതെന്നും കേരളം ഒന്നാണ്; നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് കൂടുതല്‍ ഉച്ചത്തില്‍ നമുക്ക് പറയാമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

നാടിന്റെ ആഘോഷമായി മാറിയ വിവാഹ വിരുന്നിൽ ആലപ്പുഴ എം പി ആരിഫ്, കായംകുളം എം എല്‍ എ യു പ്രതിഭ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments