Top News

ഇന്ദ്രന്‍സ് വീണ്ടും അംഗീകാരത്തിന്‍റെ നിറവില്‍

കൊച്ചി: അവതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം. ചിത്രം 7-ാമത് ദര്‍ബംഗാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ 2020 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇന്ദ്രന്‍സ് വീണ്ടും രാജ്യാന്തര അംഗീകാരത്തിന്‍റെ നിറവിലായി.[www.malabarflash.com]

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ഇന്ദ്രന്‍സും ബാലുവര്‍ഗ്ഗീസും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഷാനു സമദാണ് സംവിധാനം ചെയ്തത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള (ഇന്ദ്രന്‍സ്) 65-ാം വയസ്സില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം.

കുട്ടിക്കാലത്ത് തന്‍റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍  വടക്കേ അറ്റം വരെ തന്‍റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്.

ഇന്ദ്രന്‍സിനെ കൂടാതെ ബാലുവര്‍ഗീസ്, രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരായിരുന്നു അഭിനേതാക്കള്‍. ഷാനു സമദാണ് രചനയും സംവിധാനവും നിർവഹിച്ചത്.

Post a Comment

Previous Post Next Post